രാജ രാജേശ്വരിക്കു ക്രിമിനല്‍ കോടതി ജഡ്ജിയായി നിയമനം
Friday, April 10, 2015 7:32 AM IST
ന്യൂയോര്‍ക്ക്: തെക്കേ ഇന്ത്യയില്‍നിന്നു പതിനാറാമത്തെ വയസില്‍ അമേരിക്കയിലേക്കു മാതാപിതാക്കളോടൊപ്പം കുടിയേറിയ രാജരാജേശ്വരിയെ (43) ന്യൂയോര്‍ക്ക് സ്റാറ്റന്‍ ഐലന്റ് അസിസ്റന്റ് ഡിസ്ട്രിക്ട് അറ്റോര്‍ണി തസ്തികയില്‍നിന്നു ന്യുയോര്‍ക്ക് ക്രിമിനല്‍ കോടതി ജഡ്ജിയായി നിയമിച്ചു കൊണ്ടു ന്യുയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ളാസിയൊ ഉത്തരവിറക്കി. ഏപ്രില്‍ 14 നു ജഡ്ജിയായി ചുമതലയേല്‍ക്കും.

ന്യൂയോര്‍ക്ക് ക്രിമിനല്‍ ബഞ്ചില്‍ നിയമനം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വംശജയാണു രാജ രാജേശ്വരിയെന്ന് സ്റാറ്റന്‍ ഐലന്‍ഡ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

16 വര്‍ഷമായി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന രാജേശ്വരി പുതിയ സ്ഥാനക്കയറ്റം ലഭിച്ചതില്‍ തികച്ചും ആഹ്ളാദഭരിതയാണ്. ഇന്ത്യയില്‍ നിന്ന് ഇവിടെയെത്തിയ ഒരാള്‍ക്ക് ഇത്രയും ഉയര്‍ന്ന തസ്തിക ലഭിച്ചതില്‍ പ്രത്യേകം നന്ദി ഉള്ളതായും രാജേശ്വരി പറഞ്ഞു. അമേരിക്കന്‍ സംസ്കാരം പെട്ടെന്ന് ഉള്‍ക്കൊളളുവാന്‍ കഴിഞ്ഞതും ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചതുമാണ് എന്നെ ഇതിനര്‍ഹയാക്കിയത്. ജുഡീഷല്‍ സിസ്റത്തിന്റെ നിലവാരം ഉയര്‍ത്തി പിടിക്കുന്നതിനു പരമാവധി ശ്രമിക്കും. രാജേശ്വരി കൂട്ടിച്ചേര്‍ത്തു. രണ്ടു വയസ് മുതല്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയ രാജേശ്വരി ഭരത നാട്യത്തിലും കുച്ചിപുഡിയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. പത്മാലയ ഡാന്‍സ് അക്കാഡമി എന്നൊരു സ്ഥാപനം രാജേശ്വരിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍