സല്‍മാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം; സല്‍മാന്റെ കുടുംബം ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി
Thursday, April 9, 2015 3:25 AM IST
റിയാദ്: പത്ത് ദിവസം മുന്‍പ് യമനിലെ സന്‍അയില്‍ നിന്നും ഹൂതി തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ മലപ്പുറം അരീക്കോട് സ്വദേശി നാലകത്ത് സല്‍മാനെ (43) മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ യമനിലെ ഇന്ത്യന്‍ എംബസി ഊര്‍ജിതമാക്കിയതായി അധികൃതര്‍ പറഞ്ഞു. അതിനിടെ സല്‍മാന്റെ ഭാര്യ ഖമറുന്നീസയും അഞ്ച് മക്കളും സന്‍ആയിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയതായും അവരുടെ സംരക്ഷണം ഇന്ത്യന്‍ എംബസി ഏറ്റെടുത്തതായും റിയാദിലുള്ള സല്‍മാന്റെ സഹോദരന്‍ മുഅ്മിന്‍ അറിയിച്ചു. സന്‍ആയിലെ ദാറുല്‍ ഹദീസ് കോളേജില്‍ പഠനം നടത്തുന്ന സല്‍മാനെ കോളേജ് കാമ്പസില്‍ നിന്നും മറ്റ് വിദ്യാര്‍ത്ഥികളോടൊപ്പമാണ് ഹൂതി തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഇവരില്‍ എറണാകുളം സ്വദേശി ഉള്‍പ്പെടെയുള്ളവരെ പിന്നീട് തീവ്രവാദികള്‍ തടങ്കലില്‍ നിന്നും വിട്ടയച്ചിരുന്നു. തീവ്രവാദികളുടെ താവളത്തില്‍ തടങ്കലില്‍ കഴിയുന്ന സല്‍മാനെ മക്കളായ ദാവൂദ്, അബ്ദുള്ള, ഫാത്വിമ, അബ്ദുറഹ്മാന്‍ എന്നിവര്‍ ചൊവ്വാഴ്ച നേരില്‍ സന്ദര്‍ശിച്ചിരുന്നു.

ഇന്ത്യന്‍ എംബസിയുടെ ഭാഗത്തു നിന്നുള്ള ഇടപെടലുണ്െടങ്കില്‍ സല്‍മാനെ വിട്ടയക്കുന്നതില്‍ തീവ്രവാദികള്‍ വൈമനസ്യം കാണിക്കില്ലെന്നാണ് കരുതുന്നതെന്ന് സഹോദരന്‍ മുഅ്മിന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ വ്യോമമാര്‍ക്ഷം മുഴുവന്‍ ഇന്ത്യക്കാരേയും നാട്ടിലെത്തിക്കാനുള്ള തീവ്രയജ്ഞത്തില്‍ മുഴുകിയിരിക്കുന്ന ഇന്ത്യന്‍ എംബസിക്ക് സല്‍മാന്റെ മോചനശ്രമങ്ങളില്‍ സജീവമാകാന്‍ കഴിയാതിരുന്നതിനാലാണ് മോചനം നീണ്ടു പോയതെന്ന് മുഅ്മിന്‍ പറഞ്ഞു.

2007 ലാണ് ഇസ്ലാം മതാനുഷ്ഠാനങ്ങളില്‍ ചില പ്രത്യേക നിഷ്കര്‍ഷകള്‍ പുലര്‍ത്തുന്ന വിഭാഗക്കാരനായ സല്‍മാനും ഭാര്യയും രണ്ട് മക്കളും യമനിലേക്ക് പഠനത്തിനായി പോകുന്നത്. കൂടെ വേറേയും മലയാളികളുണ്ടായിരുന്നതായി പറയുന്നു. യമനിലേക്ക് പോയതിന് ശേഷം പിന്നീട് അവര്‍ ഇതു വരെ സ്വദേശത്തേക്ക് തിരിച്ചു വന്നിട്ടില്ല. യമനില്‍ നിന്നും പിറന്ന മൂന്ന് മക്കള്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് എടുക്കാനുള്ള നടപടി ക്രമങ്ങള്‍ നീണ്ടു പോയതിനാലാണത്രെ അവര്‍ക്ക് ഇത്രയും ദീര്‍ഘമായി യമനില്‍ കഴിയേണ്ടി വന്നത്. ഉടനെ നാട്ടില്‍ വരാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിലും മുറാദാബാദിലെ അറബിക് കോളേജിലും പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് സല്‍മാന്‍ യമനിലേക്ക് പോകുന്നത്. ആദ്യം ദമാജിലെ ദാറുല്‍ ഹദീസ് കോളേജിലായിരുന്നു പഠിച്ചത്. കഴിഞ്ഞ വര്‍ഷമാണ് സന്‍ആയിലേക്ക് മാറിയത്. കുറച്ച് കാലം ഖത്തറില്‍ ജോലി ചെയ്തിട്ടുള്ള സല്‍മാന്‍ നാട്ടില്‍ ബിസിനസ്സ് ചെയ്ത് വരുന്നതിനിടയിലാണ് യമനിലേക്ക് കുടുംബ സമേതം വരുന്നത്. ഇടക്കിടെ സല്‍മാനുമായി ഫോണില്‍ ബന്ധപ്പെടാറുണ്െടന്നും ബന്ദിയാകുന്നതിന് രണ്ട് ദിവസം മുന്‍പും സംസാരിച്ചിരുന്നതായും അഞ്ച് വര്‍ഷമായി റിയാദ് ഡവലപ്പ്മെന്റ് അതോറിറ്റിയില്‍ ജോലി ചെയ്യുന്ന ജ്യേഷ്ഠ സഹോദരന്‍ മുഅ്മിന്‍ പറഞ്ഞു. അരിക്കോട് നാലകത്ത് അബ്ദുറഹ്മാന്‍, ആസ്യ ദമ്പതികളുടെ മകനായ സല്‍മാന് മുഅ്മിനെ കൂടാതെ ബഷാര്‍, ഫാത്തിമ, നുമൈറ എന്നീ സഹോദരങ്ങളുമുണ്ട്.

സല്‍മാന്റെ മോചനശ്രമങ്ങളുടെ പുരോഗതി അന്വേഷിക്കുന്നതിനായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഉദ്യോഗസ്ഥര്‍ ഇടക്കിടെ സന്‍ആയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്െടന്ന് മുഅ്മിന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍