റണ്‍വേ അറ്റകുറ്റപ്പണി ജോലി നീട്ടിവച്ചിട്ടും വിമാനമില്ല; സൌദി യാത്രക്കാര്‍ക്ക് ദുരിതമാകും
Saturday, April 4, 2015 8:30 AM IST
റിയാദ്: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ അറ്റകുറ്റപ്പണികള്‍ മഴക്കാലം കഴിഞ്ഞ ശേഷം സെപ്റ്റംബര്‍ ഒന്നിനു മാത്രമേ ആരംഭിക്കുകയുള്ളൂ എന്ന് എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത് ഗള്‍ഫില്‍ നിന്ന് പ്രത്യേകിച്ച് സൌദി അറേബ്യയില്‍ നിന്നും മലബാറിലേക്കുള്ള യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കും.

മേയ് ഒന്നിനു ആരംഭിക്കുന്ന ജോലി ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കി നവംബറോടെ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ അറിയിപ്പു പ്രകാരം സെപ്റ്റംബറില്‍ ആരംഭിച്ച് അനിശ്ചിതമായി നീളുമെന്നാണ് അറിയുന്നത്. മേയ് ഒന്നു മുതല്‍ നിര്‍ത്തലാക്കുന്ന വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കില്ലെന്നും എയര്‍പോര്‍ട്ട് അഥോറിറ്റി അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് മേയ് ഒന്നു മുതല്‍ തന്നെ വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കുന്നതത്രെ. ഇത് സൌദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമാം വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ, സൌദി എയര്‍ലൈന്‍സ്, എമിറേറ്റ്സ് എന്നീ വിമാന സര്‍വീസുകളെയാണ് കാര്യമായി ബാധിക്കുന്നത്. ഈ വിമാനങ്ങളില്‍ ടിക്കറ്റ് മാസങ്ങള്‍ക്ക് മുമ്പുതന്നെ ബുക്കു ചെയ്തിരുന്ന പ്രവാസികള്‍ കൊച്ചിയിലേക്ക് യാത്ര ചെയ്യുകയോ യാത്ര റദ്ദാക്കുകയോ ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

മധ്യവേനലവധി റദ്ദ് ചെയ്ത് പലരും ഡിസംബറില്‍ നാട്ടില്‍ പോകാന്‍ തയാറെടുക്കുന്നതിനിടയിലാണ് നവംബറിലും വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുകയില്ലെന്ന അറിയിപ്പു വരുന്നത്. ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്ന സൌദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ, എമിറേറ്റ്സ് എന്നിവയുടെ ബി. 777, ബി. 747, എ. 330 200 എന്നീ വിമാനങ്ങളടങ്ങുന്ന വലിയ എയര്‍ക്രാഫ്റ്റുകള്‍ക്കാണ് വിലക്കുള്ളത്. എന്നാല്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ്, ജറ്റ് എയര്‍വെയ്സ്, ഗള്‍ഫ് എയര്‍, ഒമാന്‍ എയര്‍ തുടങ്ങിയവക്കെല്ലാം നിരോധനമില്ലാത്ത ബി. 757, ബി. 767, ബി. 737, എ. 310, എ. 320 തുടങ്ങിയ ചെറിയ വിമാനങ്ങളുള്ളതിനാല്‍ കാര്യമായി ബാധിക്കില്ല. സൌദി എയര്‍ലൈന്‍സിന്റേയും, എയര്‍ ഇന്ത്യയുടേയും എമിറേറ്റ്സിന്റെയും 26 ഇന്റര്‍നാഷണല്‍ സര്‍വീസുകളേയാണ് ഈ നിരോധനം ബാധിച്ചിരിക്കുന്നത്. വിമാന സര്‍വീസുകളില്‍ ഭൂരിഭാഗവും റദ്ദാക്കിയതോടെ ഇരട്ടിയിലധികമാണ് മറ്റ് വിമാനക്കമ്പനികള്‍ ടിക്കറ്റ് ചാര്‍ജായി ഈടാക്കുന്നത്.

മേയ് ഒന്നു മുതല്‍ വിമാനങ്ങള്‍ കാന്‍സല്‍ ചെയ്യുന്നതിനെതിരെ സൌദി അറേബ്യ അടക്കമുള്ള ഗള്‍ഫ് നാടുകളില്‍ നിന്നും വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ടിലെ റണ്‍വേ വികസനത്തെ ആരും എതിര്‍ത്തിരുന്നില്ല. അനിവാര്യമായ റണ്‍വേ അറ്റകുറ്റപ്പണി പ്രവാസികള്‍ കൂട്ടത്തോടെ അവധിക്കുപോവുകയും ഹജജ്, ഉമ്ര സീസണും ഉള്‍പ്പെട്ട മേയ് മുതല്‍ നവംബര്‍ വരെയുള്ള സമയത്തുനിന്നും ഓഫ് സീസണിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ നീട്ടി വയ്ക്കുകയും വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കാതിരിക്കുകയും ചെയ്യുന്നത് പ്രവാസികള്‍ക്ക് ഗുണകരമാകില്ല എന്ന് മാത്രമല്ല പഴയതിലേറെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

സെപ്റ്റംബറിലാണ് ജോലികള്‍ തുടങ്ങുന്നതെങ്കില്‍ മേയ് ഒന്നു മുതല്‍ നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നും ഗള്‍ഫ് പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന അപ്രായോഗിക തീരുമാനങ്ങളില്‍ നിന്നും എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പിന്തിരിയണമെന്നും കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടിയും ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ടും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍