ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിസാന്ദ്രമായ ഓശാന തിരുനാള്‍
Wednesday, April 1, 2015 4:30 AM IST
ഷിക്കാഗോ: യേശുക്രിസ്തു കഴുതപ്പുറമേറി ജറുസലേം ദേവാലയത്തിലേക്കു പ്രവേശിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന ഓശാന തിരുനാള്‍ ആചരണത്തോടെ ഷിക്കാഗോ സീറോ മലബാര്‍ ദേവാലയത്തില്‍ പീഡാനുഭവ വാരത്തിനു ഭക്തിനിര്‍ഭരമായ തുടക്കമായി.

രാവിലെ പത്തിനു പാരീഷ് ഹാളില്‍ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. ഇടവക വികാരി റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലിനോടൊപ്പം മുരിങ്ങൂര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍ വി.സി, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, അസി. വികാരി ഫാ. റോയ് മൂലേച്ചാലില്‍, ഫാ. ബെഞ്ചമിന്‍ എന്നിവര്‍ കാര്‍മികരായി.

തുടര്‍ന്ന് കുരുത്തോലകളുമേന്തി വിശ്വാസി സമൂഹമൊന്നാകെ പ്രദക്ഷിണമായി ഭക്ത്യാദരപൂര്‍വ്വം ദേവാലയത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് പരമ്പരാഗത രീതിയിലുള്ള തമുക്ക് നേര്‍ച്ചയും ഉണ്ടായിരുന്നു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം