ജിദ്ദ കാറപകടം; പരിക്കേറ്റ മലയാളി വിദ്യാര്‍ഥി മരിച്ചു
Tuesday, March 24, 2015 5:46 AM IST
ജിദ്ദ: കഴിഞ്ഞ വെള്ളിയാഴ്ച ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിനു സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി സാംസ ജോര്‍ജ് ചെറുവത്തൂരിന്റെ മകന്‍ ലോയ്ഡ് സാംസ (18) മരിച്ചു.

തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം നാട്ടിലെത്തിക്കുതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

ജിദ്ദ ഡല്‍ഹി പബ്ളിക് സ്കൂളിലെ 12-ാം ക്ളാസ് വിദ്യാര്‍ഥിയാണു ലോയിഡ്. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍നിന്നു പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളായ മറ്റു നാലു വിദ്യാര്‍ഥികള്‍ക്കൊപ്പം കാറില്‍ മടങ്ങവെ മരത്തിലിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ നാലു പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

ഗുജറാത്ത് സ്വദേശി മുഹമ്മദ് ഹനീഫിന്റെ മകന്‍ ഉസാമ മുഹമ്മദ്, ഹൈദരാബാദ് സ്വദേശി മുഹമ്മദ് ആബിദിന്റെ മകന്‍ ഇജാസ് മുഹമ്മദ്, ലക്നോ സ്വദേശി പര്‍വേസ് അഹമ്മദിന്റെ മകന്‍ മുസമ്മില്‍ അഹമ്മദ്, ലഖ്നോ സ്വദേശി മഹ്മൂദ് അഹമ്മദിന്റെ മകന്‍ ഹുസയ്ഫ മഹ്മൂദ് എന്നിവരാണു ചികിത്സയിലുള്ളത്. മുസമ്മില്‍ അഹ്മദ് ആണു കാര്‍ ഓടിച്ചിരുന്നത്. നല്ല വേഗത്തിലായിരുന്ന വാഹനം സ്കൂളിനു സമീപം നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരും സംഭവസ്ഥലത്തുതന്നെ അബോധാവസ്ഥയിലായിരുന്നു.

തൃശൂര്‍ നഗരത്തിലെ ബസലിക്ക ചര്‍ച്ചിനു സമീപത്തെ മിഷന്‍ ക്വാര്‍ട്ടേഴ്സിലാണു സാംസണിന്റെ കുടുംബം താമസിക്കുന്നത്. 17 വര്‍ഷമായി ജിദ്ദയില്‍ ജോലിചെയ്യുന്ന സാംസ പ്രമുഖ സ്വകാര്യ കമ്പനിയിലെ അക്കൌണ്ടന്റ് ഓഫീസറാണ്. ലോയ്ഡിന്റെ മാതാവ് ഫിലോമിന നേരത്തേ സൌദി ആരോഗ്യ മന്ത്രാലയത്തില്‍ നഴ്സായി ആയിരുന്നു.

സഹോദരി: ചെന്നൈയില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയായ സ്റെഫി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍