വര്‍ഗീയതയ്ക്കും അഴിമതിക്കും എതിരെ പോരാടാന്‍ എകെജിയുടെയും ഇഎംഎസിന്റെയും പാത പിന്തുടരുക: നവോദയ റിയാദ്
Monday, March 23, 2015 4:40 AM IST
റിയാദ്: ഒരു വ്യക്തിയുടെ വിശ്വാസത്തെ മാത്രമല്ല ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവകാശത്തെപ്പോലും ഫാസിസ്റ്റുകള്‍ വേട്ടയാടുന്ന വര്‍ത്തമാനകാലത്ത് സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരേയും ദളിത് കര്‍ഷകത്തൊഴിലാളികളുടെ മൌലികാവകാശങ്ങള്‍ക്കുവേണ്ടിയും പോരാടി കേരള ചരിത്രത്തിന് മുന്‍പേ നടന്ന നേതാക്കളായ ഇഎംഎസിന്റേയും എകെജിയുടേയും പാത പിന്തുടര്‍ന്ന് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ അണിനിരക്കുകയാണ് രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടേയും കടമയെന്ന് നവോദയ റിയാദ് നടത്തിയ ഇഎം.എസ്-എകെജി അനുസ്മരണ ദിനത്തില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു.

നവോദയ കേന്ദ്ര കമ്മിറ്റി അംഗം പ്രഭാകരന്‍ നേതാക്കളെ അനുസ്മരിച്ച് സംസാരിച്ചു. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടുന്ന കേരളീയ പൊതുസമൂഹത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടടുപ്പിച്ചത് എകെജിയുടെ നേതൃത്വത്തില്‍ നടത്തിയ നിരവധി സമര പോരാട്ടങ്ങളിലൂടെയായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സൈദ്ധാന്തിക അടിത്തറ നല്‍കിയത് ഇഎംഎസിലൂടെയായിരുന്നു. ഇന്ത്യയിലാകമാനം ഫാസിസം അധികാരകേന്ദ്രങ്ങള്‍ കൈയടക്കിയപ്പോഴും കേരളം ചെറുത്തു നിന്നത് ഇഎംഎസിനെയും എകെജിയെയും പോലുള്ള നേതാക്കള്‍ കെട്ടിപ്പൊക്കിയ ഉറച്ച ഇടതുപക്ഷമതേതര രാഷ്ട്രീയം കാരണമായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.

നവോദയ സെക്രട്ടറി അന്‍വാസ് മുഖ്യപ്രഭാഷണം നടത്തി. രവീന്ദ്രന്‍, കുമ്മിള്‍ സുധീര്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് രതീഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പൂക്കോയ തങ്ങള്‍ സ്വാഗതവും ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍