ടിസിഎഫ് ജോടുണ്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് വര്‍ണാഭമായ തുടക്കം
Saturday, March 21, 2015 6:43 AM IST
ജിദ്ദ: തലശേരി ക്രിക്കറ്റ് ഫോറം (ടിസിഎഫ്) സംഘടിപ്പിക്കുന്ന ജോടുണ്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഏഴാം എഡിഷന്‍ ടൂര്‍ണമെന്റിന് സിട്ടീന്‍ റോഡിലെ ബിഎംടി ഗ്രൌണ്ടില്‍ വെള്ളിയാഴ്ച രാത്രി വര്‍ണാഭമായ തുടക്കം.

ഇന്ത്യന്‍ കോണ്‍സല്‍ (കോണ്‍സുലര്‍) പ്രണവ് ഗണേഷ് പുള്‍മാന്‍, അല്‍ ഹമ്ര ഹോട്ടല്‍ ജനറല്‍ മാനേജര്‍ നജീബ് എറിഞ്ഞ പന്ത് ബാറ്റ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.

ഓസ്ട്രേലിയയിലെ ഇന്ത്യുടെ ദയനീയ പരാജയം കണ്ട് ക്രിക്കറ്റ് കളി കാണുന്നത് നിര്‍ത്തിയ താന്‍ ലോകകപ്പിലെ ഇന്ത്യയുടെ ഉജ്ജ്വല പ്രകടനത്തില്‍ ആവേശഭരിതനാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രണവ് ഗണേഷ് പറഞ്ഞു. മുഴുവന്‍ ഏഷ്യന്‍ രാജ്യങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തി സംഘടിപ്പിക്കുന്ന ടിസിഎഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘാടനാ മികവുകൊണ്ടും സാങ്കേതിക മികവിലും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 16 ടീമുകളും ടിസിഎഫ് കുരുന്നുകളുടെ അകമ്പടിയോടെ അണിനിരന്ന മാര്‍ച്ച് പാസ്റ് ഉദ്ഘാടന സമ്മേളനത്തെ നിറപ്പകിട്ടാക്കി. പുള്‍മാന്‍ അല്‍ ഹമ്ര ഹോട്ടല്‍ ജനറല്‍ മാനേജര്‍ നജീബ്, ഒഐസിസി മുന്‍ പ്രസിഡന്റ് നജീബ് നഹ, ജോടുണ്‍ പ്രോഡക്ട് മാനേജര്‍ സയിദ് മുസാക്കിര്‍ ബുഖാരി, ജെസിഎ പ്രസിഡന്റ് ഐജാസ് ഖാന്‍, ടിഎംഡബ്ളുഎ പ്രസിഡന്റ് വി.പി. സലിം, ജെഎസ്സി ചീഫ് കോച്ച് പി.ആര്‍.സലിം, എല്‍.ജി. ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ലത്തീഫ് നടുകണ്ടി, പാക്ക് പ്ളസ് ജനറല്‍ മാനേജര്‍ മോഹന്‍ ബാബു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ടിസിഎഫ് ട്രഷറര്‍ ശഹനാദ് ഒളിയാട്ട് നന്ദി പറഞ്ഞു. അജ്മല്‍ നസീര്‍ അവതാരകന്‍ ആയിരുന്നു.

ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ദാസില്‍ സൂപ്പര്‍ കിംഗ്സ് 67 റണ്‍സിനു എ.ടി.എസ് രൈസ്കോ ടീമിനെ തകര്‍ത്തു. 35 റണ്‍സ് എടുത്ത സാമിഉളള ആണ് മാന്‍ ഓഫ് ദി മാച്ച്. തുടര്‍ന്ന് നടന്ന മത്സരത്തില്‍ മൈ ഓണ്‍ ചലഞ്ചേഴ്സ് 21 റണ്‍സിനു ജോടുണ്‍ പെങ്കുവനസിനെ തോല്‍പ്പിച്ചു. 36 റണ്‍സും നാലു വിക്കറ്റും വീഴ്ത്തിയ ഷഹബാസ് ആണ് മാന്‍ ഓഫ് ദി മാച്ച്. മൂന്നാമത്തെ മത്സരത്തില്‍ യംഗ് സ്റാര്‍ ടീം 41 റണ്‍സിനു നിലവിലെ റണ്ണര്‍ അപ്പ് ആയ ടാര്‍ഗറ്റ് ഗയ്സിനെ തകര്‍ത്തു. 78 റണ്‍സ് നേടിയ അഫ്താബ് ആണ് മാന്‍ ഓഫ് ദി മാച്ച്. അവസാന മത്സരത്തില്‍ അജ്വാ ഫോര്‍ഡ് റോയല്‍സ് 45 റണ്‍സിനു ആര്‍കൊമ ഇ.ടി.എല്‍ ടീമിനെ തോല്‍പ്പിച്ചു. 32 റണ്‍സും 4 വിക്കറ്റും വീഴ്ത്തിയ തൌസിഫ് ആണ് മാന്‍ ഓഫ് ദി മാച്ച്.

ഉദ്ഘാടന പരിപാടിയില്‍ മികച്ച നിലയില്‍ ടീമിനെ അണിനിരത്തിയ അജ്വാ ഫോര്‍ഡ് റോയല്‍സ് ടീമിനു പ്രത്യക പുള്‍മാന്‍ അല്‍ ഹമ്ര ഹോട്ടല്‍ അവാര്‍ഡ് ജനറല്‍ മാനേജര്‍ നജീബ് കൈമാറി.

ജിദ്ദയിലെ മികച്ച 16 ക്രിക്കറ്റ് ക്ളബുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ആദ്യറൌണ്ട് മത്സരങ്ങള്‍ ഏപ്രില്‍ നാലിനു അവസാനിക്കും. ഏപ്രില്‍ നാലിനു സെമിഫൈനലും ഏപ്രില്‍ 10 നു (വെള്ളി) ഫൈനല്‍ മത്സരവും നടക്കും.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍