ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ പാസ്ററല്‍ കൌണ്‍സില്‍ സമ്മേളനം
Thursday, March 19, 2015 5:07 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ 2015-16 വര്‍ഷങ്ങളിലേക്കായി രൂപീകരിക്കപ്പെട്ടിരിക്കുന്ന പാസ്ററല്‍ കൌണ്‍സിലിന്റെ ആദ്യ സമ്മേളനം മാര്‍ച്ച് 21നു (ശനിയാഴ്ച) രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ രൂപതയുടെ ഭദ്രസാന ദൈവാലയമായ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ നടത്തും.

രൂപതാധ്യക്ഷനായ മെത്രാന്റെ അധികാരത്തിനു വിധേയപ്പെട്ടുകൊണ്ട് രൂപതയുടെ ഭരണപരവും അജപാലന പരവുമായ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സജീവവുമാക്കാന്‍ സഹായകമാകുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണു പാസ്ററല്‍ കൌണ്‍സിലിന്റെ മുഖ്യ ഉത്തരവാദിത്വം.

രൂപതയില്‍ 2015 കുടുംബവര്‍ഷമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുടുംബ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശാക്തീകരണം നല്‍കുന്നതിനു സഹായകമാകുന്ന ചിന്തകള്‍ക്കായിരിക്കും ഈ സമ്മേളനം പ്രാധാന്യം നല്‍കുന്നത്. രൂപതയുടെ വ്യത്യസ്തങ്ങളായ അജപാലന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള അവതരണങ്ങളും സമ്മേളനത്തിലുണ്ടാകും. രൂപതയുടെ 35 ഇടവകകളെയും 36 മിഷനുകളെയും പ്രതിനിധീകരിച്ച് 75 പേര്‍ ഈ സമ്മേളനത്തില്‍ സംബന്ധിക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി രൂപത ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം