രാജ്യത്തിനു പുറത്തു ഒപ്പുവയ്ക്കുന്ന തൊഴില്‍ കരാറുകളിലെ വീസകള്‍ക്കു മാത്രം ഡെപ്പോസിറ്റ് സംവിധാനം
Monday, March 16, 2015 7:21 AM IST
കുവൈറ്റ്: കുവൈറ്റില്‍ വിദേശികള്‍ക്കു വീസ ലഭിക്കാന്‍ സ്പോണ്‍സര്‍മാര്‍ 250 ദിനാര്‍ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ കുവൈറ്റിനു പുറത്തു ഒപ്പുവയ്ക്കുന്ന തൊഴില്‍ കരാറുകള്‍ക്കു മാത്രമാണു ബാധകമെന്നു സാമൂഹിക തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

ഏപ്രില്‍ ഒന്നുമുതലാണ് ഈ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുന്നത്. വീസകച്ചവടത്തിന് തടയിടുക എന്നതാണു ഡെപ്പോസിറ്റ് സംവിധാനം നടപ്പാക്കുന്നതിന്റെ ലക്ഷ്യം. ഇതിലൂടെ വീസകച്ചവടത്തിന് ഒരു പരിധി വരെ തടയനാകും. അന്താരാഷ്ട്രസമൂഹത്തിനും മനുഷ്യാവകാശ സംഘടനകള്‍ക്കും മുന്നില്‍ കുവൈറ്റിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ഇതുപകരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരുന്നതോടെ തൊഴില്‍ തട്ടിപ്പിനിരയായി രാജ്യത്തെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ കാര്യമായ കുറവു സംഭവിക്കും. വന്‍ തുക വാങ്ങിയാണ് പല അനധികൃത റിക്രൂട്ടിംഗ് കമ്പനികളും രാജ്യത്തേക്ക് ആളുകളെ എത്തിക്കുന്നത്. എന്നാല്‍, തൊഴില്‍വാഗ്ദാനം ലംഘിക്കപ്പെടുമ്പോള്‍ ഈ തൊഴിലാളികള്‍ മറ്റു ജോലികള്‍ തേടാന്‍ നിര്‍ബന്ധിതരാവുകയും ഇഖാമ കാലാവധി കഴിയുന്നതോടെ നിയമ ലംഘകരായി മാറുകയും ചെയ്യുകയാണു പതിവ്.

250 ദിനാര്‍ കെട്ടിവയ്ക്കണം എന്ന വ്യവസ്ഥ പ്രാബല്യത്തില്‍ വരുന്നതോടെ ഈ സാഹചര്യത്തിനു മാറ്റം വരുമെന്നാണ് അധികൃതരുടെ വാദം. എന്നാല്‍, സ്പോണ്‍സര്‍ കെട്ടിവയ്ക്കേണ്ട തുകകൂടി തൊഴിലാളിയില്‍നിന്ന് ഈടാക്കുന്ന അവസ്ഥയുണ്ടാവാന്‍ പുതിയ സംവിധാനം വഴിവച്ചേക്കുമെന്ന ആശങ്ക ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരം അവസ്ഥ ഉണ്ടായാല്‍ സ്പോണ്‍സര്‍ക്കെതിരെ തൊഴില്‍ മന്ത്രാലയത്തിന്റെ ഹോട്ട്ലൈന്‍ വഴിയോ അഥോറിറ്റിയുടെ ആസ്ഥാനത്ത് നേരിട്ടത്തിെയോ തൊഴിലാളിക്കു പരാതി നല്‍കാമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍