കല കുവൈറ്റ് ഫുട്ബോള്‍, അബ്ബാസിയ ജേതാക്കള്‍
Monday, March 16, 2015 5:23 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസ്സോസിയേഷന്‍ (കല കുവൈറ്റ്) കായികവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ഫുട്ബോള്‍ ഫെസ്റ്-2015 വണ്‍ഡെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഫഹഹീലിനെ തോല്‍പ്പിച്ചു അബ്ബാസിയ എ യൂണിറ്റ് ചാംബ്യന്മാരായി. ഫൈനലില്‍ മുഴുവന്‍ സമയ മത്സരം സമനിലയില്‍ അവസാനിച്ചതിനെത്തുടര്‍ന്ന് ടൈബ്രെക്കറിലാണ് അബ്ബാസിയ കിരീടം ചൂടിയത്.

കല കുവൈറ്റിന്റെ വിവിധ യൂണിറ്റുകളില്‍നിന്നായി 20 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ കുവൈറ്റിലെ പ്രമുഖ ടീമുകളിലെ മലയാളി താരങ്ങള്‍ അതിഥി താരങ്ങളായി വിവിധ ടീമുകളില്‍ അണിനിരന്നു. ഫഹഹീല്‍ കുവൈറ്റ് യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങള്‍ കെഫാക് പ്രസിഡന്റ് അബ്ദുള്ള കാദിരി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്ത് അദ്ധ്യക്ഷനായ ചടങ്ങില്‍ ജനറല്‍സെക്രട്ടറി സജി തോമസ് മാത്യു ആശംസയര്‍പ്പിച്ചു. മുന്‍ സന്തോഷ് ട്രോഫി താരം സി.ഒ. ജോണ്‍ അതിഥിയായി പങ്കെടുത്തു. കായിക വിഭാഗം സെക്രട്ടറി ജിജോ ഡൊമനിക് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷാജു.വി.ഹനീഫ് നന്ദിയും പ്രകാശിപ്പിച്ചു.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ഫഹഹീല്‍ ടീമിലെ ഇന്‍സമാം തെരഞ്ഞെടുക്കപ്പെട്ടു. അബ്ബാസിയഎ ടീമിലെ അഭിലാഷിനെ മികച്ച ഗോള്‍കീപ്പറായും മുസ്തഫയെ ഏറ്റവും മികച്ച പ്രതിരോധക്കാരനായും തെരഞ്ഞടുത്തു. അബ്ബാസിയ എ ടീമിലെ നൌഫല്‍ അഞ്ച് ഗോളുകള്‍ സ്കോര്‍ ചെയ്തു ടോപ് സ്കോറര്‍ ട്രോഫിക്ക് അര്‍ഹനായി. മത്സരങ്ങള്‍, ഷാജി തൃശൂര്‍, റാഫി, ബഷീര്‍, സഫറുള്ള, നിസാര്‍, റെബീഷ്, അസ് വദ്, ഷറഫുദ്ദീന്‍ എന്നിവര്‍ നിയന്ത്രിച്ചു.

മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്ത്, ജനറല്‍സെക്രട്ടറി സജി തോമസ് മാത്യു, ട്രഷറര്‍ അനില്‍ കൂക്കിരി, സി.കെ. നൌഷാദ്, സജീവ് അബ്രഹാം, മൈക്കല്‍ ജോണ്‍സന്‍, സി.ഒ. ജോണ്‍, ജിജോ ഡൊമിനിക്, വിജീഷ്.യു.പി, ടി.വി.ജയന്‍, റോയ് നെല്‍സണ്‍, അരവിന്ദാക്ഷന്‍, ജിജി ജോര്‍ജ്ജ് എന്നിവര്‍ സമ്മാനിച്ചു. ടൂര്‍ണമെന്റ് കമ്മറ്റി അംഗം സജീവ് അബ്രഹാം നന്ദി പ്രകാശിപ്പിച്ചു. ആസഫ് അഹമദ്, രവീന്ദ്രന്‍പിള്ള, രഘു പേരാമ്പ്ര, തോമസ് അബ്രഹാം, ടി.ആര്‍. സുധാകരന്‍, പി.ജി.ജ്യാതിഷ്, രഞ്ജിത് സുധാകരന്‍, സലീല്‍ ഉസ്മാന്‍, പ്രസീദ് കരുണാകരന്‍, നോബി ആന്റണി, ഷംസുദ്ദീന്‍, നിസാര്‍, കെ.വി. മണിക്കുട്ടന്‍, ജോതിഷ് ചെറിയാന്‍, ജയകുമാര്‍, അനീഷ്, സുദര്‍ശനന്‍ കളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍