ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം സ്പോര്‍ട്ട്സ് മീറ്റ് സംഘടിപ്പിച്ചു
Saturday, March 14, 2015 8:50 AM IST
ദോഹ: ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ആരോഗ്യ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി മാമൂറയിലെ അല്‍ ജസീറ അക്കാദമി സ്കൂള്‍ ഗ്രൌണ്ടില്‍ സ്പോട്ട്സ് മീറ്റ് സംഘടിപ്പിച്ചു.ദോഹ, റയാന്‍, മാമൂറ, ദോഹ നോര്‍ത്ത്, വക്റ, ഡല്‍ഹി, കര്‍ണാടക, തമിഴ്നാട് എന്നീ എട്ടു ഡിവിഷനുകള്‍ അണിനിരന്ന മാര്‍ച്ച് പാസ്റോടെ പരിപാടികള്‍ക്ക് തുടക്കമായി. യൂണിറ്റി സോംഗിനൊത്ത് പതാക വഹിച്ച് നീങ്ങിയ ഡിവിഷന്‍ ക്യാപ്റ്റനു പിറകില്‍ ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആരോഗ്യബോധവത്കരണ സന്ദേശങ്ങള്‍ ആലേഖനം ചെയ്ത പ്ളക്കാര്‍ഡുകളുമായി അണികള്‍ അച്ചടക്കത്തോടെ മാര്‍ച്ച് ചെയ്തത് വേറിട്ട കാഴ്ചയായി.

മാര്‍ച്ചിനു പുറകില്‍ കോല്‍ക്കളിയും, ദഫ് മുട്ടും, കളരിച്ചുവടുകളുമായി ഫോറം പ്രവര്‍ത്തകര്‍ നടന്നു നീങ്ങി. വര്‍ണാഭമായ മുത്തുക്കുടകളും വാനിലുയര്‍ന്നു പറന്ന വര്‍ണബലൂണുകളും ഹര്‍ഷാരവങ്ങളോടെയുള്ള പുരുഷാരവും ഊഷരമണ്ണില്‍ ഒരു പൂരനഗരിയുടെ നിറമുള്ള ഓര്‍മകള്‍ കാണികള്‍ക്ക് സമ്മാനിച്ചു. തുടര്‍ന്ന് കമ്പവലി, കബഡി, ഫുട്ബോള്‍ തുടങ്ങിയ ഇനങ്ങളില്‍ ആവേശകരമായ മത്സരങ്ങള്‍ നടന്നു.

പരിപാടികള്‍ക്ക് എം.എന്‍. അഷ്റഫ്, ഫൈസല്‍ മലയില്‍, കെ. നൌഷാദ്, ഷഫീഖ് പയേത്ത് എന്നിവര്‍ നേതൃത്വം നല്‍കി.