'ഇസ്ലാം തീവ്രതക്കെതിരേ' ദ്വൈമാസ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു
Monday, March 9, 2015 6:31 AM IST
ദമാം: നൈമിഷക വികാരങ്ങള്‍ വെടിഞ്ഞ് വിവേക പൂര്‍ണമായ നിലപാടുകള്‍

സ്വീകരിക്കുക എന്നതാണ് വിശ്വാസികള്‍ക്ക് അലങ്കാരമെന്നും ത്യാഗപൂര്‍ണമായ ജീവിതം നയിച്ച പ്രവാചകന്റേയും അദ്ദേഹത്തിന്റെ ഉത്തമ അനുയായികളായ ചരിത്രപുരുഷന്മാരുടെയും ശ്രേഷ്ടമായ ജീവിതം മാത്രമാണ് ഇക്കാര്യത്തില്‍ നമുക്കു മാതൃകയാകേണ്ടന്നും എംഎസ്എം കേരള സംസ്ഥാന പ്രസിഡന്റും യുവപ്രബോധകനുമായ ത്വല്‍ഹത്ത് സ്വലാഹി അഭിപ്രായപ്പെട്ടു.

വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്റെ ഭാഗമായി ദമാം ഇസ്ലാമിക്ക് കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ചു ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തുന്ന 'ഇസ്ലാം തീവ്രതക്കെതിരേ' ദ്വൈമാസ കാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും ഭൌതീക ജീവിതത്തില്‍ സഹനവും ക്ഷമയും കൈക്കൊള്ളുകയും അതുവഴി നേടുന്ന ആത്മവിശ്വാസവും പാപഭാരങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നു.ഈ മാര്‍ഗമാണ് സച്ചരിതരായ മുന്‍ഗാമികള്‍ നമുക്ക് പകര്‍ന്നു തന്ന തീവ്രതയും ഭീകരതയും ഇല്ലാത്ത ഇസ്ലാമിന്റെ സുന്ദരമായ മധ്യമ മാര്‍ഗം. ഈ മാര്‍ഗത്തില്‍ നിന്നും വ്യതിചലിക്കുന്നവര്‍ ഇസ്ലാമിന്റെ വ്യാപനത്തെ തടയുന്നവരാണ്.

വര്‍ഗ വര്‍ണ ഭേദമന്യേ ഏവരെയും സഹോദരങ്ങളായി കാണാനുള്ള ഇസ്ലാമിന്റെ ആഹ്വാനം ശിരസാ വഹിക്കാന്‍ ബാധ്യതയുള്ള വിശ്വാസിക്ക് എങ്ങനെയാണ് മറ്റൊരുവനെതിരെ ആയുധമേന്താന്‍ സാധിക്കുകകയെന്നും ഇസ്ലാമിന്റെ പേരില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന കലാപങ്ങളെയും രക്തചൊരിച്ചിലുകളെയും

തള്ളിപ്പറയാന്‍ മാനവികതയെ സ്നേഹിക്കുവര്‍ മുന്നോട്ടു വരേണ്ടതുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക്ക് മിഷന്റെ ഭാഗമയി കേരളത്തില്‍ നടക്കുന്ന പ്രബോധന പ്രവര്‍ത്തനങ്ങള്‍ കാരുണ്യത്തിന്റെ മതമായ ഇസ്ലാമിനെ സഹോദര സമുദായംഗങ്ങള്‍ക്ക് പരിചയപ്പെടാന്‍ അവസരം നല്‍കുന്നതും അവരുടെ സംശയങ്ങള്‍ക്ക് പരിഹാരം നല്‍കാനും ഉപകരിച്ചിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.

കാമ്പയിന്റെ ഭാഗമായി മാര്‍ച്ച് 13ന് നടക്കുന്ന വാരാന്ത്യ പ്രഭാഷണത്തില്‍ ഹൃസ്വസന്ദര്‍ശനാര്‍ഥം ദമാമിലെത്തിയ പ്രബോധകനും വാഗ്മിയുമായ ശിഹാബ് സലഫി എടക്കര സംസാരിക്കുമെന്ന് ഇസ്ളാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി മുഹ്സിന്‍ ഒളവണ്ണ സ്വാഗതവും ദഅവാ വിഭാഗം കണ്‍വീനര്‍ മുഹമ്മദലി പുലാശേരി കൃതജ്ഞതയും നേര്‍ന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം