ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Monday, March 9, 2015 4:47 AM IST
ഷിക്കാഗോ: സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മരണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും, കേരളത്തിലെ ജനങ്ങള്‍ക്കും വലിയൊരു നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഷിക്കാഗോ ഐഎന്‍ഒസി ചാപ്റ്റര്‍ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ്, നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടോബി അമ്പേനാട്ട്, സെക്രട്ടറി സിനു പാലയ്ക്കത്തടം, ട്രഷറര്‍ ഡൊമിനിക് തെക്കേത്തലയ്ക്കല്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് ലൂയി ചിക്കാഗോ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളും കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് അയച്ച അനുശോചന കുറിപ്പില്‍ അറിയിച്ചു.

ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്വെസ്റ് റീജിയന്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞ് മടങ്ങി കേരളത്തിലേക്ക് പോകുമ്പോള്‍ ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ കാര്‍ത്തികേയന് ഓവര്‍ഗീസ് കോണ്‍ഗ്രസ് ഭാരവാഹികളായ വര്‍ഗീസ് പാലമലയില്‍, തോമസ് മാത്യു, പോള്‍ പറമ്പി, സതീശന്‍ നായര്‍, ഫെലിക്സ് മുണ്ടപ്ളാക്കല്‍, സന്തോഷ് നായര്‍ എന്നിവര്‍ എയര്‍പോര്‍ട്ടില്‍ എത്തി അദ്ദേഹത്തിന് യാത്രാമംഗളങ്ങള്‍ നേര്‍ന്നിരുന്നു. കാര്‍ത്തികേയന്റെ മരണം കോണ്‍ഗ്രസിന് ഒരു തീരാനഷ്ടമാണെന്ന് ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്വെസ്റ് റീജിയന്‍ പ്രസിഡന്റ് അഗസ്റിന്‍ കരിങ്കുറ്റിയില്‍, സെക്രട്ടറി തമ്പി മാത്യു, ട്രഷറര്‍ ജെസ്സി റിന്‍സി എന്നിവര്‍ അഭിപ്രായപ്പെടുകയും, പ്രസ്ഥാനത്തിനുവേണ്ടി അഗാധമായ ദുഖം രേഖപ്പെടുത്തുകയും ചെയ്തു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.

സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) കേരള ചാപറ്റര്‍ അനുശോചനം രേഖപ്പെടുത്തി. മന്ത്രി, നിയമസഭാ സ്പീക്കര്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ ജനഹിതമറിഞ്ഞ് പ്രവര്‍ത്തിച്ച മാന്യനായ പൊതുപ്രവര്‍ത്തകനായിരുന്നു അകാലത്തില്‍ പൊലിഞ്ഞ ജി. കാര്‍ത്തികേയനെന്ന് പ്രസിഡന്റ് ജയചന്ദ്രന്‍ രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി യു.എ. നസീര്‍, ട്രഷറര്‍ ജോസ് തെക്കേടം എന്നിവര്‍ അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

കേരള രാഷ്ട്രീയത്തിലെ അഴിമതിയുടെ കറ പുരളാത്ത, രാഷ്ട്രീയത്തിലെ അപൂര്‍വമായ വ്യക്തിത്വത്തിന് ഉടമയായിരുന്ന, ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല രാഷ്ട്രീയപ്രവര്‍ത്തനം എന്ന് പറയുകയും സ്ഥാനങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുകയും ചെയ്യുന്ന കോണ്‍ഗ്രസുകാരില്‍ ജി കാര്‍ത്തികേയന്‍ വ്യത്യസ്തനായിരുന്നു.

ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ അനുശോചനം ?രേഖപ്പെടുത്തി. അസോസിയേഷന്‍ പ്രസിഡന്റ് ഷാജിമോന്‍ വെട്ടത്തിന്റെ വസതിയില്‍ വച്ച് കൂടിയ യോഗത്തില്‍ സംശുദ്ധ രാഷ്ട്രീയത്തിന് ഒരുദാഹരണം ആയിരുന്നു ജി. കാര്‍ത്തികേയന്‍ എന്നും അദ്ദേഹത്തിന്റെ നിര്യാണം മൂലം കേരളത്തിന് വലിയ ഒരു നഷ്ടം ആണ് ഉണ്ടായിരിക്കുന്നത് എന്നും പ്രസിഡന്റ് ഷാജിമോന്‍ പറയുകയുണ്ടായി. സെക്രട്ടറി അലക്സ് എബ്രഹാം, ട്രഷറര്‍ ജോണ്‍ ദേവസ്യ, ബോര്‍ഡ് ഓഫ് ട്രസ്റീ ചെയര്‍മാന്‍ വര്‍ഗീസ് ഒലഹന്നാന്‍, സി.എസ്.ഇ.എ. പ്രസിഡന്റ് തോമസ് നൈനാന്‍, കുരിയാക്കോസ് തരിയന്‍, എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടു സംസാരിച്ചു.

കേരളാ അസോസിയേഷന്‍ ഓഫ് നാഷ്വില്‍ പ്രസിഡന്റ് സാം ആന്റോ പുത്തന്‍കളം അനുശോചനം രേഖപ്പെടുത്തി. 1993-ല്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായിരുന്ന കാലം മുതല്‍ ജി. കാര്‍ത്തികേയനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായും സാം ആന്റോ അനുസ്മരിച്ചു.

ജി. കാര്‍ത്തികേയന്റെ നിര്യാണം മലയാളി ജനതക്ക് തീരാനഷ്ടമാണെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ എബി തോമസ് അഭിപ്രായപ്പെട്ടു.രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും മാന്യതയും മനുഷ്യത്വവും പുലര്‍ത്തിയ കോണ്‍ഗ്രസ്സിലെ വേറിട്ട വ്യക്തിത്വമായിരുന്നു ജി.കാര്‍ത്തികേയനെന്ന് അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.