അമേരിക്കന്‍ അതിഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്ക് ഓഫ് വന്‍ വിജയമായി
Saturday, March 7, 2015 8:05 AM IST
ഹൂസ്റണ്‍: ആകമാന സുറിയാനി സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2015 നായുള്ള ഹൂസ്റണ്‍ മേഖലയിലെ കിക്ക് ഓഫ് ഹൂസ്റണ്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്നു.

പെന്‍സില്‍വാനിയ ലാന്‍കാസ്റര്‍ ഹോസ്റ് റിസോര്‍ട്ടില്‍ ജൂലൈ 15 മുതല്‍ 18 വരെ നടക്കുന്ന കുടുംബമേളക്ക് ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണു ചെയ്തുവരുന്നത്.

യല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന കിക്ക് ഓഫ് പ്രോഗ്രാം ഭദ്രാസന കൌണ്‍സില്‍ അംഗം ജോര്‍ജ് പൈലിയില്‍നിന്ന് സ്പോണ്‍സര്‍ഷിപ്പ് ഫോറം സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്പോണ്‍സര്‍മാരായ ജോര്‍ജ് പൈലി, ചാണ്ടി തോമസ്, ജോണ്‍ ചാണ്ടപിള്ള എന്നിവരെകൂടാതെ പത്തോളം കുടുംബങ്ങളും രജിസ്ട്രേഷന്‍ ഫോറം നല്‍കി കിക്ക് ഓഫില്‍ പങ്കാളികളായി.

അമേരിക്കന്‍ അതിഭദ്രാസന സെക്രട്ടറി വെരി റവ. മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്കോപ്പ, ഭദ്രാസന ട്രഷറര്‍ സാജു പൌലോസ് മാരോത്ത്, കൌണ്‍സില്‍ അംഗങ്ങളായ റവ. ഫാ. പോള്‍ തോട്ടക്കാട്ട്, ഡോ. ജോണ്‍ തോമസ് എന്നിവരും സന്നിഹിതരായിരുന്നു.

ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളില്‍നിന്നായി ഇതിനോടകംതന്നെ നിരവധി വിശ്വാസികള്‍ രജിസ്റര്‍ ചെയ്തുകഴിഞ്ഞുവെന്നും ആവേശോജ്വലമായ ഈ തുടക്കത്തില്‍ ഏറെ സന്തുഷ്ടിയുണ്െടന്നും മെത്രാപ്പോലീത്ത പ്രസംഗത്തില്‍ സൂചിപ്പിച്ചു. വരും ദിവസങ്ങളില്‍ ഇടവകയിലെ പരമാവധി അംഗങ്ങള്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുടുംബമേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് വികാരി ഫാ. ബിനു ജോസഫ് പറഞ്ഞു. കിക്ക് ഓഫിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഫാ. ബിജു ജോസഫ്, പള്ളി കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കു തിരുമേനി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍