ന്യൂയോര്‍ക്ക് മുന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഈഗന്‍ കാലം ചെയ്തു
Friday, March 6, 2015 6:51 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മുന്‍ ആര്‍ച്ച് ബിഷപ് എഡ്വേര്‍ഡ് കര്‍ദിനാള്‍ ഈഗന്‍ മാര്‍ച്ച് അഞ്ചിനു കാലം ചെയ്തതായി ചര്‍ച്ച് സ്പോക്മാന്‍ ജോസഫ് സ്വല്ലിംഗ് അറിയിച്ചു.

1932ല്‍ ഷിക്കാഗോ ഓക്ക് പാര്‍ക്കില്‍ ജനിച്ച ഈഗനെ അറുപത്തിയെട്ടാം വയസില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ന്യൂയോര്‍ക്ക് സിറ്റിയുടെ ഒമ്പതാമത് ആര്‍ച്ച്ബിഷപ്പായി നിയമിച്ചു. 2000 ത്തില്‍ ആര്‍ച്ച്ബിഷപ്പായ ഈഗന്‍ അമേരിക്കയിലെ ട്വിന്‍ടവര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ന്യൂയോര്‍ക്കിലെ ആര്‍ച്ച് ബിഷപ് എന്ന നിലയില്‍ അന്നത്തെ മേയര്‍ റുഡി ഗുലാനിയെ സഹായിക്കുന്നതില്‍ മുന്‍ പന്തിയിലായിരുന്നു.

ന്യൂയോര്‍ക്കിലെ 2.4 മില്യണ്‍ കത്തോലിക്കാവിശ്വാസികള്‍ക്കു ആത്മീയ നേതൃത്വം നല്‍കുന്നതിനും സഭയുടെ വളര്‍ച്ചയ്ക്കും ആര്‍ച്ച്ബിഷപ് വിലയേറിയ സംഭാവനകളാണു നല്‍കിയിട്ടുളളത്.

സഭാ ജനങ്ങളെയും സഭയെയും രാജ്യത്തെയും ഒരു പോലെ സ്നേഹിച്ച വ്യക്തിയായിരുന്നു കാലം ചെയ്ത തന്റെ മുന്‍ ഗാമി ഈഗന്‍ എന്ന് ന്യൂയോര്‍ക്ക് സിറ്റി ആര്‍ച്ച്ബിഷപ് തിമോത്തി കര്‍ദിനാള്‍ ഡോലന്‍ അനുസ്മരിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍