കേളി അനുശോചന യോഗം സംഘടിപ്പിച്ചു
Thursday, March 5, 2015 8:13 AM IST
ദവാദ്മി: കഴിഞ്ഞ ദിവസം റിയാദില്‍നിന്ന് ഏകദേശം 130 കി.മീ. അകലെ റിയാദ്-മക്ക ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കേളി ദവാദ്മി ഏരിയയിലെ ടൌണ്‍ യൂണിറ്റ് അംഗം കണ്ണുര്‍ സ്വദേശി അബ്ദുള്‍ സലീമിന്റെ നിര്യാണത്തില്‍ കേളി ദവാദ്മി ഏരിയ അനുശോചിച്ചു.

കഴിഞ്ഞ 11 വര്‍ഷമായി സൌദിയിലുണ്ടായിരുന്ന കണ്ണുര്‍ ഇരിട്ടി കീഴ്പ്പള്ളി സ്വദേശി അബ്ദുള്‍ സലീം (36) ദവാദ്മിയിലാണു താമസിച്ചിരൂന്നത്. കടകളില്‍ സ്പെയര്‍പാര്‍ട്സ് വിതരണം ചെയ്യുന്ന ജോലിയായിരുന്നു. കഴിഞ്ഞ ദിവസം റിയാദില്‍നിന്നു സാധനങ്ങളുമായി ദവാദ്മിയിലേക്ക് വരുന്ന വഴി അബ്ദുള്‍ സലീം ഓടിച്ചിരുന്ന വാന്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ വശങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തിലാണു മരിച്ചത്. മൃതദേഹം ദവാദ്മിയില്‍ അടക്കം ചെയ്തു. ആമിനയാണ് അബ്ദുള്‍ സലീമിന്റെ ഭാര്യ, രണ്ടു മക്കള്‍: മിദ്ലാജ്, ത്വയ്ബ.

ദവാദ്മിയില്‍ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ കേളി ദവാദ്മി ഏരിയ പ്രസിഡന്റ് ഷാജി പ്ളാവിളയില്‍ അധ്യക്ഷത വഹിച്ചു. ഏരിയ ട്രഷറര്‍ പ്രകാശന്‍ പയ്യന്നൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേളി കേന്ദ്ര സെക്രട്ടറി റഷീദ് മേലേതില്‍ അശോചനപ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, ചന്ദ്രന്‍ തെരുവത്ത്, ദവാദ്മി ഏരിയ സെക്രട്ടറി എന്‍.എം. പ്രിയേഷ്, ഏരിയ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അനില്‍ ഫിലിപ്പ്, ദവാദ്മിയിലെ പൌര പ്രമുഖരായ അബ്ദുള്‍ ലത്തീഫ് ബാക്കവി, നിസാര്‍ സഫാഖി, കേളി ദവാദ്മി ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ഹംസ തവനൂര്‍ എന്നിവരും അശോചനയോഗത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍