കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല: ഷാഫി പറമ്പില്‍
Tuesday, March 3, 2015 8:00 AM IST
ജിദ്ദ: റണ്‍വേ അറ്റകുറ്റപണിയുടെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി നിഷേധിച്ച് കരിപ്പൂര്‍ എയര്‍പോര്‍ട്ട് മാസങ്ങളോളം ഭാഗികമായി അടച്ചിട്ട് ഇതുവഴിയുള്ള യാത്രക്കാരെ ബുദ്ധിമുട്ടിച്ച് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ചില ഗൂഡശക്തികളുടെ നീക്കത്തെ ശക്തമായി നേരിടുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ.

മേയ് ഒന്നു മുതല്‍ യാത്രാ തിരക്ക് കൂടുന്ന ആറ് മാസത്തോളം കരിപ്പൂര്‍ എയര്‍പോര്‍ട്ട് അടയ്ക്കുന്നതിനെതിരെ ഗള്‍ഫ് മലയാളി കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രിക്ക് കൂട്ട ഇമെയില്‍ അയയ്ക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഇല്ലാതാക്കാനുള്ള ശ്രമം കാലങ്ങളായി ചില ലോബികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന എയര്‍പോട്ടുകളില്‍ ഒന്നാണ് കരിപ്പൂര്‍. വികസനത്തിനാവശ്യമായ ഫണ്ടുകള്‍ അനുവദിക്കുന്നുണ്െടങ്കിലും ഉദ്യോഗസ്ഥ ലോബി എല്ലാം താളം തെറ്റിക്കുകയാണ്. മഴക്കാലമാണ് റണ്‍വേ അറ്റകുറ്റപണിക്ക് തെരഞ്ഞെടുത്തത് എന്നുള്ളതില്‍നിന്നുതന്നെ ദീര്‍ഘകാലം എയര്‍പോര്‍ട്ട് അച്ചിടുകയെന്നുള്ള ഗൂഡലക്ഷ്യമാണ് വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞു. ജനപ്രതിനിധിയെന്ന നിലയിലും കേരള സര്‍ക്കാരിന്റെ ഭാഗമെന്ന നിലയിലും ഈ വിഷയത്തില്‍ ശക്തമായി ഇപെടുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെകൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബലദ് ഹോളിഡേ ഹോട്ടലില്‍ നടന്ന ചങ്ങില്‍ ചെയര്‍മാന്‍ അഷ്റഫ് കളത്തിങ്ങല്‍ പാറ അധ്യക്ഷത വഹിച്ചു. ഒഐസിസി സെക്രട്ടറി സക്കീര്‍ എടവണ്ണ, ഉമ്മര്‍ മിക്സ്മാക്സ്, സക്കീര്‍ കുന്നുമ്മല്‍ കരീം എടത്തനാട്ടുകര, ബാലകൃഷ്ണന്‍ തൊഴിയൂര്‍, ഹംസ മുട്ടില്‍, സി. ഹസന്‍ എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിക്കുള്ള നിവേദനം ചെയര്‍മാന്‍ അഷ്റഫ് കളത്തിങ്ങല്‍പാറ, ഷാഫി പറമ്പിലിന് കൈമാറി. ഗഫൂര്‍ എടക്കര സ്വാഗതവും കെ. നിസാര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍