പ്രവാസിസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കുക: നവോദയ റിയാദ്
Monday, March 2, 2015 4:17 AM IST
റിയാദ:് മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചാല്‍ പോലും പ്രവാസി എന്ന വാക്ക് കാണാന്‍ കഴിയാത്തവിധം പ്രവാസിസമൂഹത്തെ പൂര്‍ണമായും അവഗണിച്ച കേന്ദ്ര ബജറ്റിനെതിരേ പ്രവാസി സമൂഹം ശക്തമായി പ്രതിഷേധിക്കണമെന്നു നവോദയ റിയാദ് സെക്രട്ടേറിയേറ്റ് അഭ്യര്‍ഥിച്ചു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ ഗണ്യമായ സംഭാവനകള്‍ നല്കുന്നത് പ്രവാസികളാണ്. പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന വിദേശ നാണ്യത്തിനു പുറമേ എമിഗ്രേഷന്‍ ഇനത്തിലും പതിനായിരം കോടിയിലധികം രൂപ കേന്ദ്രസര്‍ക്കാര്‍ ഖജനാവിലുണ്ട്. എന്നിട്ടും പ്രവാസികളെ അവഗണിക്കുന്നതു തുടര്‍ക്കഥയാവുകയാണ്. കേരളത്തെയും ഈ ബജറ്റ് പാടേ അവഗണിച്ചു. പുതിയ ഒരു പദ്ധതിയും കേരളത്തിന് നല്‍കിയിട്ടില്ല. പൂര്‍ണമായും സമ്പന്നര്‍ക്കുവേണ്ടിയുള്ള ഈ ബജറ്റ് സാധാരണക്കാരുടെ മുകളില്‍ വലിയ ഭാരമാണ് അടിച്ചേല്‍പ്പിക്കുന്നത്. നിരന്തരമുള്ള എണ്ണവില വര്‍ധനയ്ക്കു പുറമെ, സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്ന പ്രഖ്യാപനം സാധാരണ ജനതയുടെ ജീവിതം ദുഃസഹമാക്കും.

തങ്ങളെ അവഗണിച്ചതിനെതിരേ പ്രവാസികള്‍ ശക്തമായി പ്രതിഷേധിക്കേണ്ടതാണ്. പ്രതിഷേധം പ്രകടിപ്പിക്കാന്‍ അസംഘടിതരായ പ്രവാസികള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഫലപ്രദമായി ഉപയോഗിക്കേണ്ടതാണ്. ഭരണകൂടത്തിന്റെ കണ്ണുകള്‍ തുറക്കാന്‍ പ്രവാസികളുടെ പ്രതിഷേധജ്വാല ഉയരണമെന്നും നവോദയ പ്രസ്ഥാവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍