ഡിഡി വിമന്‍ അച്ചീവേഴ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Wednesday, February 25, 2015 10:06 AM IST
ടൊറന്റോ : കലാ, സാംസ്കാരിക വളര്‍ച്ചയിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'ഡാന്‍സിംഗ് ഡാംസല്‍സ്' വര്‍ഷം തോറും നല്‍കി വരാറുള്ള ഡിഡി വിമന്‍ അച്ചീവേഴ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

മലയാളികളായ ലതാ മേനോനും ട്രീസാ തോമസും അവാര്‍ഡ് പട്ടികയില്‍ സ്ഥാനം പിടിച്ചപ്പോള്‍ മേരി ഡേവിഡ് സ്പെഷല്‍ ജൂറി പുരസ്കാരത്തിന് അര്‍ഹയായി.

എംപിപിയും സഹ മന്ത്രിയുമായ ദീപിക ദമേര്‍ള, കന്നഡ സംഘ പ്രസിഡന്റ് ആഷ വിശ്വനാഥ്, മിസിസ് ഇന്ത്യ 2014 ഡോ. ആര്‍ത്തി ശരവണന്‍, ഗ്ളോബല്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ ആംഗി സേത്ത്, ഫോട്ടോ ജേര്‍ണലിസ്റ് റീനാ ഡിയോന്‍, ഇന്ത്യന്‍ ക്ളാസിക്കല്‍ സംഗീതജ്ഞ രംനീക് സിംഗ്, ആനന്ദം ഡാന്‍സ് തിയേറ്റര്‍ സ്ഥാപക ബ്രാണ്ടി ലിയാറി, ബിസിനസ് സംരംഭക രവീന്ദര്‍ മല്‍ഹി, പ്രൊവിന്‍ഷ്യല്‍ ക്രോസ് കണ്‍ട്രി റെക്കോര്‍ഡ് ഉടമ മലര്‍വില്ലി വരദ രാജന്‍, ബോളിവുഡ് നര്‍ത്തകി പൂജ അമിന്‍ എന്നിവരാണ് ജീവിത വിജയം നേടിയ വനിതകള്‍ക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്.

ബാരിസ്ററും സോളിസിറ്ററുമായ ലതാ മേനോന്‍ നിയമ ലോകം പടവെട്ടി ജയിച്ചപ്പോള്‍, 30 വര്‍ഷം നഴ്സായി പ്രവര്‍ത്തിച്ച ട്രീസാ തോമസ് വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സ്ത്രീ ആയത് നിശബ്ദമായ സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെയാണ്. ആയോധന കലയിലെ മികവിനാണ് അഞ്ചാം ഗ്രേഡ് ബ്ളാക്ക് ബെല്‍റ്റ് കാരിയായ ഇന്‍സ്ട്രക്ടര്‍ മേരി ഡേവിഡ് സ്പെഷല്‍ ജൂറി പുരസ്കാരത്തിന് അര്‍ഹയായത്.

മാര്‍ച്ച് എട്ടിന് ഓക് വില്ലിലുള്ള 'ദി മീറ്റിംഗ് ഹൌസില്‍' നടക്കുന്ന ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. ഫെഡറല്‍ പ്രൊവിന്‍ഷ്യല്‍ മന്ത്രിമാരും സാംസ്കാരിക നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

കാനഡയിലെ ആദ്യത്തെ ഇന്തോ-കനേഡിയന്‍ വനിതാ സെനറ്റര്‍ ഡോ. ആഷാ സേത്ത്, ഇന്ത്യന്‍ കോണ്‍സുലേറ്റ് ടൊറന്റോ വൈസ് കോണ്‍സുല്‍ ഉഷാ വെങ്കിടേശന്‍, പനോരമ ഇന്ത്യ ചെയര്‍ അനു ശ്രീവാസ്തവ, റോയല്‍ ഒന്റാരിയോ മ്യൂസിയം സീനിയര്‍ ക്യൂരേറ്റര്‍ ഡോ. ദീപാളി ദിവാന്‍, സൌത്ത് ഏഷ്യന്‍ വിമന്‍സ് സെന്റര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കൃപാ ശേഖര്‍, മിസിസാഗ ആര്‍ട്സ് കൌണ്‍സില്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ അനു വിട്ടല്‍, പത്ര പ്രവര്‍ത്തകയും എംപിപിയുമായ ഇന്ദിരാ നായിഡു ഹാരിസ്, മ്യൂസിക് തെറാപ്പി ഗവേഷകയായ സന്ധ്യാ ശ്രീവത്സന്‍, ടൊറന്റോ യൂണിവേഴ്സിറ്റി പ്രഫസറും പ്രിന്‍സസ് മാര്‍ഗരറ്റ് ഹോസ്പിറ്റല്‍ കാന്‍സര്‍ വിഭാഗം മേധാവിയുമായ ഡോ. കലാ ശ്രീധര്‍, ഇന്ത്യന്‍ ക്ളാസിക്കല്‍ സംഗീതജ്ഞ ശോഭാ ശേഖര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംസാരിക്കും.

'സ്ത്രീ സമത്വത്തിലൂടെ സമഗ്ര വികസനം' എന്നതാണ് ഈ വര്‍ഷത്തെ ഇന്റര്‍നാഷനല്‍ വിമന്‍സ് ഡേ ആഘോഷങ്ങളുടെ പ്രമേയം. ഇന്റര്‍നാഷനല്‍ തലത്തിലുള്ള വിനോദപരിപാടികളും ചടങ്ങുകള്‍ക്കുശേഷം അരങ്ങേറും.

അവാര്‍ഡ് ചടങ്ങിലേക്കുള്ള പ്രവേശനം സൌജന്യമാണെങ്കിലും മുന്‍കൂട്ടിയുള്ള രജിസ്ട്രേഷന്‍ അനിവാര്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ററവീെം.രീാ സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു