സൌത്ത് വെസ്റ് റീജണല്‍ ദ്വിദിന സമ്മേളനം ഫെബ്രുവരി 20, 21 തീയതികളില്‍
Wednesday, February 18, 2015 8:16 AM IST
ഡാളസ്: യുവജനസഖ്യം, സേവികാ സംഘം, ഇടവക മിഷന്‍ എന്നീ സംഘടനകളുടെ ഏകോപിത സൌത്ത് വെസ്റ് റീജണല്‍ ദ്വിദിന സമ്മേളനത്തിനുവേണ്ട ക്രമീകരങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍മാരായ റവ. ഒ.സി. കുര്യന്‍, വിനോദ് ചെറിയാന്‍ എന്നിവര്‍ അറിയിച്ചു.

ഫെബ്രുവരി 20, 21 തീയതികളില്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയില്‍ നടക്കുന്നന്ന ദ്വിദിന സമ്മേളനം വിപുലമായ പരിപാടികളോടെ നടക്കും. ബൈബിള്‍പ്രഭാഷണം, ചര്‍ച്ചകള്‍, വേദ പഠന ക്ളാസുകള്‍ കൂടാതെ യുവജന സഖ്യം അവതരിപ്പിക്കുന്ന സ്കിറ്റ്, പാട്ടുകള്‍, മെര്‍ലിന്‍ അവാര്‍ഡു ജേതാവായ സജു അച്ചന്റെ മാജിക് ഷോ തുടങ്ങിയ കലാപരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രവാസ ജീവിതത്തിലെ ക്രിസ്തീയ സ്വാധീനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണങ്ങളും ചര്‍ച്ചകളും റവ. കൊച്ചു കോശി ഏബ്രഹാം, സജു മാത്യു എന്നിവര്‍ അവതരിപ്പിക്കും. റവ. സാം മാത്യുവിന്റെ നേതൃത്വത്തിലായിരിക്കും ബൈബിള്‍ ക്ളാസ്. 350 പേരെ സമ്മേളനത്തിലേക്കു പ്രതീക്ഷിക്കുന്നതായി രജിസ്റര്‍ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ജോളി ബാബു അറിയിച്ചു.

സമ്മേളനത്തിലേക്കു വന്നുചേരുന്നവര്‍ക്കു വിഭവസമൃദ്ധമായ ആഹാരം ക്രമീകരിച്ചതായി സിബു ജോസഫ്, ഏബ്രഹാം മേപ്രത്ത് എന്നിവര്‍ അറിയിച്ചു. ഹോട്ടലുകളിലും വീടുകളിലുമായി ആവശ്യപ്പെട്ടവര്‍ക്കു താമസസൌകര്യം ജോണ്‍ ഉമ്മന്‍, എന്‍.വി ഏബ്രഹാം എന്നീ സംഘാടകര്‍ വളരെ ഭംഗിയായി നിര്‍വഹിച്ചതായി അറിയിച്ചിട്ടുണ്ട്.

യുവജന സഖ്യം, സേവികസംഘം, ഇടവക മിഷന്‍ എന്നീ സംഘടനകള്‍ ഏകോപിച്ചു നടത്തുന്ന മാര്‍ത്തോമ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ അതിപ്രധാനമായ സമ്മേളനമാണ് ഡാളസില്‍ നടക്കുക. സമ്മേളനത്തിന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ഥന സംഘാടകര്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ