'കാരുണ്യപ്രവര്‍ത്തനം വോട്ട് പെട്ടിയിലാക്കാന്‍ ആകരുത്'
Monday, February 16, 2015 8:10 AM IST
ജിദ്ദ: ഇല കാണിച്ചു ബലിമൃഗത്തെ തന്നിലേക്കു അടുപ്പിക്കുന്നതു പോലെയല്ല മറിച്ച് അവകാശങ്ങളും കര്‍ത്തവ്യങ്ങളും ബോധ്യപ്പെടുത്തി പൌര ബോധവുമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്താനായിരിക്കണം രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സംഘടനകളിലേക്ക് ആളുകളെ ക്ഷണിക്കേണ്ടതെന്ന് ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ പ്രവാസ സമൂഹത്തോടാവശ്യപ്പെട്ടു.

മഹനീയമായ സാമൂഹ്യസേവനം വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ഒരു ഉപാധി യാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു അക്കാര്യത്തില്‍ എറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നതു സാധാരണക്കാരായ പ്രാവാസികള്‍ ആണെന്ന സത്യം നമ്മള്‍ തിരിച്ചറിയാന്‍ വൈകരുത്.

ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആടംബുലാന്‍ ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം മുന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അക്ബര്‍ ബാച്ച ഉദ്ഘാടനം ചെയ്തു. രാഷ്ട്ര നന്മ ലക്ഷ്യമാക്കികൊണ്ടുള്ള സാമൂഹ്യ സേവനമാണ് രാഷ്ട്രീയം. അതു പ്രായോഗികമായാല്‍ തന്റെ ചിറകിനടിയിലുള്ളവര്‍ മാത്രമല്ല ഒരു രാജ്യമാണ് കരകയറുന്നതെന്ന യാഥാര്‍ഥ്യമാണ് ആം ആദ്മി പാര്‍ട്ടി രാഷ്ട്രത്തിനു നല്‍കുന്ന സന്ദേശം.

ആം ആദ്മി പാര്‍ട്ടിയുടെ ചരിത്രവിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിക്കാനും സജീവ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും അവസരം കൊടുത്ത യോഗത്തില്‍ സാറാ ജോസഫ് ഓണ്‍ലൈനില്‍ സദസിനെ അഭിമുഖീകരിച്ചു. ആവാസ് ഭാരവാഹികളായ ഉസ്മാന്‍ മാസ്റര്‍ ഒഴുകൂര്‍, ഇ.എം. ജാഫര്‍ഖാന്‍, ഷംസുദ്ദീന്‍ എലെടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പു വിജയം പങ്കുവയ്ക്കാന്‍ മധുര പലഹാരം നല്‍കി ആരംഭിച്ച യോഗത്തില്‍ സെക്രട്ടറിമാരായ സമീര്‍ ഇല്ലിക്കല്‍ സ്വാഗതവും ടി.പി. ഹാരിസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍