കോണ്‍ഗ്രസിന്റെ പാരാജയം താത്കാലികം: സതീശന്‍ പാച്ചേനി
Thursday, February 12, 2015 10:45 AM IST
റിയാദ്: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് സീറ്റുകളൊന്നും ലഭിച്ചില്ലായെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെട്ടു എന്ന് വിലയിരുത്തുന്നവര്‍ക്ക് തെറ്റു പറ്റിയതായും താത്കാലിക പരാജയങ്ങളില്‍ നിന്നു പാഠമുള്‍ക്കൊണ്ടു പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുന്നതാണു കോണ്‍ഗ്രസിന്റെ ചരിത്രമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി പറഞ്ഞു.

ഹൃസ്വസന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ സതീശന്‍ പാച്ചേനി റിംഫ് സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്കു ലഭിച്ചിരിക്കുന്ന വിജയത്തിന് ആനുകാലികമായ നിരവധി കാരണങ്ങളുണ്െടന്നും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നയസമീപനങ്ങളോടുള്ള എതിര്‍പ്പാണ് ഇതില്‍ പ്രധാനമെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് അതിനുശേഷം തെരഞ്ഞെടുപ്പ് നടന്ന പലയിടങ്ങളിലും തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ട്. ആറു മാസംകൊണ്ടു കേന്ദ്ര ഭരണം വിലയിരുത്താവുന്നതല്ലെങ്കിലും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കുള്ള അതൃപ്തി ഇതിനകം മറനീക്കി പുറത്തുവന്നതാണു ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

കേരളത്തിലെ യുഡിഎഫ് നേതൃത്വം ശരിയായ രീതിയില്‍ ജനപക്ഷത്തുനിന്നാണു ഭരണം നടത്തുന്നത്. കെ.എം. മാണിയടക്കമുള്ള ഘടകകക്ഷി നേതാക്കളില്‍ ജനങ്ങള്‍ക്കു പൂര്‍ണ വിശ്വാസമുണ്ട്. മാണിക്കെതിരേ ആരോപണമുന്നയിച്ചവര്‍പോലും അതില്‍നിന്നു പിന്മാറുന്ന ദയനീയമായ അവസ്ഥയാണു കാണുന്നത്. രാഷ്ട്രീയലാഭമുണ്ടാക്കാന്‍ ജനനേതാക്കളെ കരിവാരി തേക്കുന്നതില്‍ അര്‍ഥമില്ല. യുഡിഎഫ് കാലാവധി തികയ്ക്കുമെന്നും സതീശന്‍ പാച്ചേനി അഭിപ്രായപ്പെട്ടു. നാദാപുരം സംഭവത്തില്‍ പോലീസ് സേനയ്ക്ക് വീഴ്ച പറ്റിയോ എന്നു വിശദമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. ഉത്തര കേരളത്തിലെ പോലീസ് ഇപ്പോഴും സിപിഎമ്മിന്റെ നിഴലിലാണെന്നത് ഒരു വസ്തുതയാണ്. ഇതില്‍നിന്നൊരു മോചനമുണ്ടായാലേ നിഷ്പക്ഷമായൊരു പ്രവര്‍ത്തനം പോലീസിനു സാധ്യമാകൂ എന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. നക്സലിസം കേരളത്തില്‍ അത്ര ഭീകരമായ അവസ്ഥയിലല്ല. എന്നാലും ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ ജനങ്ങളുടെ സ്വൈരജീവിതത്തിനു വിഘാതങ്ങളുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വച്ചു പൊറുപ്പിക്കില്ല.

കണ്ണൂര്‍ ജില്ലാ ഒഐസിസി വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണു സതീശന്‍ പാച്ചേനി റിയാദിലെത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ ഒഐസിസി പ്രസിഡന്റ് രഘുനാഥ് തളിയില്‍, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് സലീം കളക്കര, മുഹമ്മദലി കൂടാളി, പ്രദീപ് കുമാര്‍, അഭിലാഷ് മാവിലായി തുടങ്ങിയവരും പങ്കെടുത്തു.

ഒഐസിസി യുടെ പ്രവര്‍ത്തനത്തില്‍ കെപിസിസിക്കു പൂര്‍ണ സംതൃപ്തി

റിയാദ്: കേരളത്തിന് പുറത്തുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയായി കെപിസിസി അംഗീകരിച്ച പ്രവാസിസംഘടനയായ ഒഐസിസിയുടെ പ്രവര്‍ത്തനം കെപിസിസി പഠിച്ചുവരുന്നതേയുള്ളൂവെന്നും ഇപ്പോഴത്തെ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തരാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി പറഞ്ഞു.

ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിക്കുന്നതിനായി കെപിസിസിയുടെ മൂന്നു ഭാരവാഹികള്‍ക്കു പ്രസിഡന്റ് ചുമതല നല്‍കിയിട്ടുണ്ട്. മെംബര്‍ഷിപ്പ് പ്രവര്‍ത്തനമടക്കമുള്ളവ അവരാണു നിയന്ത്രിക്കുന്നത്. ഒഐസിസി നാട്ടിലടക്കം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും വിലയിരുത്തുകയും നിര്‍ദേശം നല്‍കുകയും ചെയ്യാറുണ്െടന്നും പ്രവാസി വോട്ടവകാശവും മറ്റും സജീവ പരിഗണയിലുള്ള ഈ സന്ദര്‍ഭത്തില്‍ പ്രവാസി സംഘടന ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍