മാനസികനില തകരാറിലായ മലയാളിയെ സാമൂഹ്യപ്രവര്‍ത്തകര്‍ നാട്ടിലയച്ചു
Tuesday, February 10, 2015 8:13 AM IST
റിയാദ്: നിയമക്കുരുക്കില്‍പ്പെട്ടു മാനസികനില തകരാറിലായ മലയാളിയെ സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ടു നാട്ടിലെത്തിച്ചു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി പറക്കണ്ടില്‍ കബീറാണു കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിയത്. ഒന്നര വര്‍ഷത്തെ പ്രവാസം നല്‍കിയ അനുഭവങ്ങള്‍ താളം തെറ്റിച്ച കബീറിനു തുണയായതു റിയാദിലെ ഒഐസിസി പ്രവര്‍ത്തകരും ബത്ഹയിലെ ഷിഫാ അല്‍ജസീറ പോളിക്ളിനിക്കുമാണ്. 

സെയില്‍സ്മാനായിരുന്ന കബീര്‍ എട്ടു മാസത്തിനുശേഷം റിലീസ് വാങ്ങി മറ്റൊരു സ്പോണ്‍സറുടെ കീഴില്‍, മലയാളികള്‍ നടത്തി വരുന്ന ബൂഫിയയിലേക്കു മാറിയെങ്കിലും നിയമപരമായ രേഖകള്‍ ശരിയാക്കുന്നതിനിടയില്‍ പഴയ സ്പോണ്‍സര്‍ ഹുറൂബാക്കിയതാണു കബീറിന് വിനയായത്. ഇതോടെ, മനോനില തെറ്റിയ കബീര്‍ ഭക്ഷണം കഴിക്കാതെയും ഉറക്കമില്ലാതെയും ദിനങ്ങള്‍ തള്ളിനീക്കി. റിയാദില്‍ തന്നെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ബന്ധുവായ പഴയ ലക്കിടി സ്വദേശി അബ്ദുള്‍ ഹക്കീം ബൂഫിയ നടത്തിപ്പുകാരുടെ സഹായത്തോടെ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. രണ്ടു തവണ നാട്ടിലേക്കയയ്ക്കാന്‍ ശ്രമിച്ചെങ്കിലും കബീര്‍ സഹകരിച്ചില്ല. പിന്നീടാണു ശിഹാബ് കൊട്ടുകാടുമായി ഹക്കീം ബന്ധപ്പെടുന്നത്. മൂന്നാം തവണ നാട്ടിലയയ്ക്കാനുദ്ദേശിച്ച ദിവസമാണ് ശിഹാബ് അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചത്. അതിനാല്‍ ആ യാത്രയും മുടങ്ങി. പിന്നീട് എംബസി നിര്‍ദേശപ്രകാരം ബത്ഹയിലെ ഷിഫാ അല്‍ ജസീറ പോളിക്ളിനിക്കിലെത്തിക്കുകയായിരുന്നു. ഇതിനിടെ, കബീറിനെ റിയാദിലെ മുംതാസ് ഹോസ്പിറ്റല്‍, മുബാറക് ഹോസ്പിറ്റല്‍, അല്‍അമല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ സൈക്യാട്രിസ്റുകളെ കാണിച്ച് ചികിത്സ നടത്തിയിരുന്നു.

ഒന്നരമാസത്തിലധികമായി ഷിഫാ അല്‍ജസീറ ക്ളിനിക്കിലെ എമര്‍ജന്‍സി വിഭാഗത്തിലായിരുന്ന കബീറിനെ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ സജ്ജാദ് ഖാന്‍, കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബാലുക്കുട്ടന്‍, ജനറല്‍ സെക്രട്ടറി അലക്സ് കൊട്ടാരക്കര, നിസാര്‍ പള്ളിക്കശേരി എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടിലയയ്ക്കുന്നതിനായുള്ള കാര്യങ്ങള്‍ നീക്കിയത്. ഇവരുടെ നേതൃത്വത്തില്‍ നേരത്തേ രണ്ടുതവണ എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയെങ്കിലും നാട്ടിലേക്കു പോകാന്‍ കബീര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് എമിഗ്രേഷനിലെ ഉദ്യോഗസ്ഥര്‍ തിരിച്ചയയ്ക്കുകയായിരുന്നു. ഇതു മൂലം ടിക്കറ്റ് ചെലവടക്കമുള്ള വലിയൊരു തുക ഇവര്‍ക്കും ഇതിനു മുമ്പ് ഇദ്ദേഹത്തിന്റെ ബന്ധുവായ ഹക്കീമിനും ചെലവായിട്ടുണ്ട്. വീല്‍ചെയറില്‍ നാട്ടിലേക്കു തിരിച്ച കബീറിനെ കോഴിക്കോട് സ്വദേശിയായ ഫാറൂഖ് അനുഗമിച്ചിരുന്നു. യാത്രയ്ക്കു തലേ ദിവസം രാത്രി ഒഐസിസി പ്രവര്‍ത്തകര്‍ കബീറിനെ അല്‍അമല്‍ ഹോസ്പിറ്റലിലെത്തിച്ച് സൈക്യാട്രിസ്റിനെ കാണിക്കുകയും കുത്തിവയ്പും മരുന്നും നല്‍കുകയും ചെയ്തിരുന്നു. 

നാട്ടില്‍ ഭാര്യയും മാതാവും വിദ്യാര്‍ഥികളായ മൂന്നു മക്കളുമടങ്ങുന്ന കബീറിന്റെ കുടുംബം ഒരു കൊച്ചു കുടിലിലാണു താമസമെന്ന് ബന്ധു ഹക്കിം പറഞ്ഞു. കുടുംബപ്രാരാബ്ദങ്ങള്‍ക്കറുതി വരുത്താന്‍ കടല്‍ കടന്ന് ഒടുവില്‍ മനസിന്റെ താളം തെറ്റി തിരിച്ചുവരുന്ന കുടുംബനാഥനെ സ്വീകരിക്കാന്‍ ഭാര്യ സീനത്തും മക്കളുമടക്കമുള്ള കുടുംബാംഗങ്ങള്‍ വിമാനത്താവളത്തിലെത്തിയിരുന്നു. 

അതേസമയം, കബീറിനെ നാട്ടിലെത്തിക്കാനായി കമ്പനിയില്‍നിന്നും റീ എന്‍ട്രി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഹുറൂബാക്കപ്പെട്ട ബന്ധു അബ്ദുള്‍ ഹക്കീമിന്റെ ഹുറൂബ് കമ്പനി നീക്കുകയും വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തു. സജ്ജാദ് ഖാന്‍ ഈ വിഷയം ഇന്ത്യന്‍ എംബസി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് എംബസി കമ്പനിയുമായി നടത്തിയ ചര്‍ച്ചയിലാണു പ്രശ്നം പരിഹരിക്കപ്പെട്ടത്. കബീറിനെ നാട്ടിലെത്തിക്കാന്‍ സഹായിച്ച ഒഐസിസി നേതാക്കളോടും ഷിഫാ അല്‍ജസീറാ പോളിക്ളിനിക്ക് മാനേജ്മെന്റിനോടും ഹക്കീമും കബീറിന്റെ കുടുംബവും നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍