പൊതുമാപ്പ്; റിയാദിലെ ജയിലുകളില്‍നിന്ന് ഇതുവരെ ആരും മോചിതരായില്ല; പ്രതീക്ഷയോടെ തടവുകാര്‍
Friday, February 6, 2015 10:06 AM IST
റിയാദ്: സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് ജയില്‍പ്പുള്ളികള്‍ക്കായി പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഇളവില്‍ ഇതുവരെയായി 2500ലധികം ആളുകള്‍ മോചിതരായെങ്കിലും റിയാദിലെ ജയിലുകളില്‍നിന്ന് ആര്‍ക്കും ഇതുവരെ മോചനം ലഭിച്ചതായി വിവരമില്ല.

റിയാദിലെ പ്രധാന ജയിലുകളായ മലസ്, അല്‍ഹായിര്‍ ജയിലുകളില്‍നിന്നു നടപടികള്‍ പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ ഉടനെ മോചിതരാകുമെന്നാണു പ്രതീക്ഷ. ഇതില്‍ ഒട്ടേറെ ഇന്ത്യക്കാരും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജയിലിലുള്ള ഇന്ത്യക്കാരില്‍ ആരും പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ റിയാദില്‍ മോചിതരായതായി വിവരം ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ എംബസിയില്‍നിന്ന് അറിയാന്‍ സാധിച്ചു.

പൊതുമാപ്പിന്റെ ആനുകൂല്യത്തിന്റെ ആവശ്യമില്ലാതെതന്നെ ശിക്ഷാ കാലാവധി കഴിഞ്ഞ് വിരലടയാളവുമെടുത്തു നാട്ടിലേക്കുള്ള മടക്കയാത്ര പ്രതീക്ഷിച്ചു കഴിയുന്ന നിരവധി ഇന്ത്യക്കാര്‍ മലസ്, അല്‍ ഹായിര്‍ ജയിലുകളിലുണ്ട്. ഇവരുടെ മോചനകാര്യത്തിലും ഇന്ത്യന്‍ എംബസിയുടെ സോഷ്യല്‍ വെല്‍ഫെയര്‍ വിഭാഗം നടപടികള്‍ സ്വീകരിക്കുമെന്നു സാമൂഹ്യപ്രവര്‍ത്തകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേക താത്പര്യപ്രകാരം പ്രവാസി വ്യവസായി ഡോ. സി.കെ. മേനോന്‍ നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവച്ച് കുറ്റവിമുക്തരായ നാലു മലയാളി കൊലക്കേസ് പ്രതികളില്‍ ഒരാള്‍ ഇപ്പോഴും മലസ് ജയിലിലാണ്. ബന്ധുക്കള്‍ ജയിലില്‍ എയര്‍ ടിക്കറ്റ് എത്തിച്ചു നല്‍കിയ ശേഷമാണ് അല്‍ ഹായിര്‍ ജയിലിലുണ്ടായിരുന്ന മൂന്നു പേര്‍ കഴിഞ്ഞ ഡിസംബറില്‍ മോചിതരായത്. ഇതില്‍പ്പെട്ട മണ്ണാര്‍ക്കാട് സ്വദേശി മണ്ണില്‍ മുസ്തഫ ഇപ്പോഴും മലസ് ജയിലിലാണ്. രണ്ടാഴ്ച മുമ്പ് ജയിലധികൃതര്‍ വിരലടയാളമെടുത്തതായും ഉടനെ മോചനമുണ്ടാകുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

അനധികൃത മദ്യനിര്‍മാണവും ചെറിയ അടിപിടിക്കേസുകളും സ്പോണ്‍സറുമായുള്ള സാമ്പത്തിക ഇടപാടുകള്‍ മൂലവും ജയിലിലകപ്പെട്ട നിരവധി ഇന്ത്യക്കാര്‍ വിവിധ ജയിലുകളിലുണ്ട്. ഇവരില്‍ മിക്കവര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുമെന്നാണു പ്രതീക്ഷ. പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടിക തയാറാക്കുന്ന ജോലിയിലാണ് ജയിലധികൃതരെന്നും താമസം കൂടാതെതന്നെ അര്‍ഹരായവരെ മോചിപ്പിക്കുമെന്നും സൌദി ജയില്‍ അഥോറിറ്റി വക്താവ് മേജര്‍ അബ്ദുള്ള അല്‍ഹര്‍ബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിദേശികളെ മോചിതരാകുന്ന ഉടനെ നാട്ടിലേക്കു കയറ്റി വിടുകയാണു ചെയ്യുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍