ബംഗ്ളാദേശില്‍നിന്നും അഞ്ചു ലക്ഷം തൊഴിലാളികള്‍ സൌദിയിലേക്ക്
Thursday, February 5, 2015 9:24 AM IST
ദമാം: സൌദിയിലേക്കു പുതിയ വീസകളില്‍ ജോലിക്കെത്തുന്നതിന് ബംഗ്ളാദേശില്‍ അഞ്ചു ലക്ഷം തൊഴിലാളികള്‍ തയാറായിട്ടുണ്ടന്ന് സൌദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ബംഗ്ളാദേശില്‍ നിന്നും റിക്രുട്ട് പുനരാരംഭിക്കാന്‍ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് അടുത്തിടെ അനുമതി നല്‍കിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചിരുന്നു. റിക്രൂട്ട് നടപടികള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സൌദി തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഉന്നത തല സംഘം ഉടന്‍ ധാക്ക സന്ദര്‍ശിക്കും. ഗാര്‍ഹിക തൊഴിലാളികളേയും ബംഗ്ളാദേശില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. റിക്രൂട്ട് പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി ഇരു രാജ്യങ്ങളും തമ്മില്‍ ഗാര്‍ഹിക തൊഴില്‍ കരാര്‍ ഒപ്പു വയ്ക്കാനും ഒരുക്കം നടക്കുന്നുണ്ട്.

ബംഗ്ളാദേശിലേക്കു വീണ്ടും വീസ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളെ അയയ്ക്കുന്നതിനു ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജിദ്ദയിലെ ബംഗ്ളാദേശ് കോണ്‍സുലേറ്റ് ഷഹീദ് അല്‍ കരീം അറിയിച്ചു. ഇതിന്റെ ഭാഗമായി പുതിയ മന്ത്രാലയത്തിനുതന്നെ രൂപം നല്‍കിയിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. വിവിധ പ്രഫഷനുകളില്‍ 20 ലക്ഷം പേര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ടന്നു അദ്ദേഹം അറിയിച്ചു.

വിവിധ തൊഴിലുകളില്‍ തൊഴിലാളികളുടെ പ്രായം, യോഗ്യതക്കനുസരിച്ചു വിവിധ ജോലികള്‍ക്കുള്ള ശമ്പളം, ഓരോ പ്രഫഷനുകളിലും അനുവദിക്കുന്ന വീസകളുടെ എണ്ണം എന്നിവ നിശ്ചയിക്കുന്നതിനുവേണ്ടിയാണ് തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള പ്രത്യേക സമിതി സന്ദര്‍ശനം നടത്തുന്നത്.

നഴ്സിംഗ്, എന്‍ജിനിയറിംഗ്, വീട്ടുവേലക്കാരികള്‍, ഡ്രൈവര്‍മാര്‍, മറ്റു നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട ജോലികള്‍ക്കുവേണ്ട എല്ലാവിഭാഗം തൊഴിലാളികളേയും ബംഗ്ളാദേശ് ഒരുക്കി കഴിഞ്ഞു.

സൌദിയിലേക്കും മറ്റു വിദേശങ്ങളിലേക്കും പോകാനാഗ്രഹിക്കുന്ന തൊഴിലാളികളെ പരിശീലിപ്പിക്കുന്ന 64 സെന്ററുകള്‍ ബംഗ്ളാദേശിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഏതു സെന്ററില്‍ നിന്നും ഏതു തരം തൊഴിലാളികളേയും തെരഞ്ഞെടുക്കാനുള്ള സൌകര്യം ഗവണ്‍മെന്റ് ഒരുക്കിയിട്ടുണ്ടന്ന് കോണ്‍സുലര്‍ അറിയിച്ചു.

സൌദിയില്‍ നിലവില്‍ 12 ലക്ഷം ബംഗ്ളാദേശികള്‍ ജോലി ചെയ്യുന്നു. അന്തരിച്ച മുന്‍ ഭരണാധികാരി അബ്ദുള്ള രാജാവ് നല്‍കിയ ഇളവ് എട്ടു ലക്ഷം പേര്‍ക്കു പ്രയോജനപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

ബംഗ്ളാദേശില്‍ നിന്നും റിക്രൂട്ട് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ളാദേശില്‍ നിന്നുള്ള തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം സൌദി സന്ദര്‍ശിച്ച് തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നിതിന്റ ഭാഗമായി സൌദിയുടെ ഭാഗത്തുനിന്നുള്ള മുഴുവന്‍ ഡിമാന്റും ബംഗ്ളാദേശ് അംഗീകരിക്കുകയായിരുന്നു. സൌദിയിലേക്കു പുറപ്പെടാന്‍ ആഗ്രഹിക്കുന്ന തൊഴിലാളിയുടെ പൂര്‍ണ വിവരങ്ങള്‍ മുന്‍കുട്ടി ബംഗ്ളാദേശ് സൌദിക്കു കൈമാറും ഇവ പരിശോധിച്ച് തൊഴില്‍ കുറ്റ കൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലന്നും മറ്റു യോഗ്യതകളുണ്െടന്നും ബോധ്യമായാല്‍ മാത്രമേ വീസ അനുവദിക്കൂ എന്ന് സൌദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

വിവിധ കാരണങ്ങളാല്‍ ബംഗ്ളാദേശിനു വീസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നു അവയുടെ കാരണങ്ങള്‍ കണ്െടത്തി പരിഹരിക്കുന്നതിനുള്ള ശ്രമം വിജകരമായതിനാലാണ് ബംഗ്ളാദേശിനു വീണ്ടും വീസ അനുവദിക്കുന്നത് പുനരാരംഭിക്കാന്‍ കാരണമായത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം