സൌദി അറേബ്യ ലോകത്തിനു മാതൃക: ടി.എന്‍ പ്രതാപന്‍
Thursday, February 5, 2015 6:08 AM IST
ജിദ്ദ: ഒരു രാജ്യത്തിന്റെ പരമോന്നത പീഠത്തില്‍ ഇരുന്ന ഒരു വ്യക്തിയുടെ വിയോഗം ആ രാജ്യത്തെയും ജനങ്ങളെയും ദുഖത്തിലാഴ്ത്തുകയും രാജ്യത്തിന്റെ സമസ്ത മേഖലകളുടെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാല്‍, അബ്ദുള്ള രാജാവിന്റെ മരണാനന്തര ചടങ്ങുകള്‍ കൈകാര്യം ചെയ്ത സൌദി സര്‍ക്കാരിന്റെ രീതി, ദൈവത്തിന്റെ മുമ്പില്‍ ഉള്ളവനും ഇല്ലാത്തവനും ഒരുപോലെയാണെന്ന ഇസ്ളാമിന്റെ മഹത്തായ സന്ദേശം ലോകത്തോട് വിളിചോതുന്നതാണെന്ന് കൊടുങ്ങല്ലൂര്‍ എംഎല്‍എ ടി. എന്‍ പ്രതാപന്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ ജില്ലാ ഒഐസിസി കമ്മിറ്റി ജിദ്ദയില്‍ സംഘടിപ്പിച്ച 'മഴവില്ല്' ചിത്ര രചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം അച്ഛനെയും അമ്മയെയും സ്നേഹിക്കാനോ, അവരോടൊന്ന് സംസാരിക്കാന്‍ പോലുമോ സമയമില്ലാത്ത, തിരക്ക് പിടിച്ച നമ്മുടെ സങ്കുചിതത്വം നിറഞ്ഞ മനസ്സുകള്‍ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കും. സര്‍വ്വ മത സഹോദര്യത്തിനും, നൂറുശതമാനം സാക്ഷരതക്കും പേരുകേട്ട നമ്മുടെ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യയും നടക്കുന്നത് എന്ന സത്യം നാം തിരിച്ചരിയെണ്ടാതാണ്. സ്വയം ഉള്‍വലിയുന്ന സ്വാര്‍ത്ഥ മനസുകളാണ് ഇത്തരം സാമൂഹിക അരാചകത്വം ത്വരിതപ്പെടുത്തുന്നത്.

സ്വന്തം വീടിനു വലിയ പൂട്ടിട്ട്, വളപ്പിനു ഉയരത്തില്‍ മതില്‍കെട്ടി സകലരെയും തന്നില്‍നിന്നും അകറ്റി നിര്‍ത്തുന്ന വര്‍ത്തമാനകാല സംസ്കാരം നാം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആദ്യം മനസിലെ മതില്‍കെട്ടുകള്‍ പൊളിച്ചു കളയുക. പരസ്പര സ്നേഹതോടെയല്ലാതെ ഒരു നല്ല തലമുറയെ, നല്ല രാജ്യത്തെ നമുക്ക് സ്വപ്നം കാണാന്‍ കഴിയില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഐസിസി തൃശൂര്‍ ജില്ല പ്രസിഡന്റ് ഷെരീഫ് അറക്കലിന്റെ അധ്യക്ഷതയില്‍ ഇംപാല ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സൃതസേനന്‍ പണിക്കര്‍ സ്വാഗതവും, ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി മെമ്പര്‍ കുഞ്ഞാലി ഹാജി, മുന്‍ വെസ്റ്റേണ്‍ റീജിയണല്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് നഹ, വെസ്റ്റേണ്‍ റീജിയണല്‍ പ്രസിഡന്റ് കെ.ടി.എ മുനീര്‍, വിനോദ് തുടങ്ങിയവര്‍ സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും , ഫണ്ട് സമാഹരണത്തിനുള്ള നറുക്കെടുപ്പും നടന്നു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍