കെട്ടിടത്തില്‍നിന്നു വീണു മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലയച്ചു
Wednesday, February 4, 2015 7:52 AM IST
റിയാദ്: ന്യൂ സനയ്യയിലെ അല്‍ മന്‍ഹല്‍ മിനറല്‍ വാട്ടര്‍ കമ്പനിയിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു മരിച്ച മലപ്പുറം ജില്ലയിലെ ഓമാനൂര്‍ സ്വദേശി പ്രവീണ്‍കുമാറിന്റെ (27) മൃതദേഹം ചൊവ്വാഴ്ച രാവിലെ കോഴിക്കോട്ടേക്കുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനത്തില്‍ നാട്ടിലേക്കയച്ചു. ബുധനാഴ്ച പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.

കേളി സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ സജീവമായ ഇടപെടല്‍ മൂലമാണു മൃതദേഹം നാട്ടിലയയ്ക്കാന്‍ സാധിച്ചത്.

ശങ്കരന്‍-കല്യാണി ദമ്പതികളുടെ മകനാണു പ്രവീണ്‍കുമാര്‍. പ്രദീപ്കുമാര്‍, പ്രിന്‍സ്, അംബിക എന്നിവര്‍ സഹോദരങ്ങളാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍