പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ബിപിഎല്‍ സര്‍വേ വേണം: ആര്‍എസ്സി
Wednesday, February 4, 2015 7:50 AM IST
മസ്കറ്റ്: പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ സമഗ്ര സര്‍വേ നടത്തി എപിഎല്‍, ബിപിഎല്‍ വര്‍ഗീകരണം നടത്തണമെന്ന് റിസാല സ്റഡി സര്‍ക്കിള്‍ ഗള്‍ഫ് സമ്മിറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രവാസികളിലെ യുവാക്കളുടെ തൊഴില്‍, ജീവിതാവസ്ഥകളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കണമെന്നും ആര്‍എസ്സി ആവശ്യപ്പെട്ടു. വിദേശത്ത് ജോലി ചെയ്യുന്നു എന്ന കാരണത്താല്‍ സാമ്പത്തിക സ്ഥിതി പരിശോധിക്കാതെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന സാഹചര്യമുണ്ട്. പ്രവാസികള്‍ സാമൂഹിക സമത്വത്തിന്റെ പരിധിക്കു പുറത്താകുന്ന പല സാഹചര്യങ്ങളില്‍ ഒന്നാണിതും. രാജ്യത്തിന്റെ നിര്‍മാണത്തില്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ട യൌവനോര്‍ജം വിദേശരാജ്യങ്ങളില്‍ വിനിയോഗിക്കപ്പെടുമ്പോള്‍ അവരുടെ സാംസ്കാരികവും സാമൂഹികവുമായ വളര്‍ച്ചയില്‍ സര്‍ക്കാരുകള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും സമ്മിറ്റ് ആവശ്യപ്പെട്ടു.

രണ്ടു ദിവസങ്ങളിലായി നടന്ന സമ്മിറ്റില്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉന്നയിക്കുന്ന പ്രവാസി അവകാശ രേഖ പുറത്തിറക്കി. പ്രവാസി യുവാക്കള്‍ക്കിടയില്‍ നടത്തേണ്ട സാംസ്കാരിക, വിദ്യാഭ്യാസ, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. പ്രവാസി സമൂഹത്തില്‍ മൌലികമായ ഉണര്‍വുകള്‍ ഉണ്ടാക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കി. ആറു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 65 പ്രതിനിധികള്‍ സമ്മിറ്റ് ചര്‍ച്ചകളില്‍ പങ്കെടുത്തു.

വാദി കബീര്‍ ക്രിസ്റല്‍ സ്യൂട്ട് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം ഐസിഎഫ് മിഡില്‍ ഈസ്റ് ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് എന്‍.വി അബ്ദുര്‍ റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. അബ്ദുള്‍ മജീദ്, മുന്‍ ജന. സെക്രട്ടറി കെ അബ്ദുള്‍ കലാം, അഷ്റഫ് മന്ന പ്രഭാഷണം നടത്തി. ഐസിഎഫ് മിഡില്‍ ഈസ്റ് സെക്രട്ടറി ഇസ്ഹാഖ് മട്ടന്നൂര്‍, ഒമാന്‍ നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി, ശരീഫ് കാരശേരി, അഷ്റഫ് പാലക്കോട്, ഉമര്‍ ഹാജി മത്ര, ശഫീഖ് ബുഖാരി, സലാം പാണ്ടാക്കാട്, ശാഹുല്‍ ഹമീദ്, അഷ്റഫ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.

എന്‍.വി അബ്ദുര്‍ റസാഖ് സഖാഫി, എം അബ്ദുള്‍ മജീദ്, കെ അബ്ദുള്‍ കലാം, നിസാര്‍ സഖാഫി, അബ്ദുള്ള വടകര, ടി.എ അലി അക്ബര്‍, ജാബിറലി പത്തനാപുരം, നൌഫല്‍ സി.സി, റസാഖ് മാറഞ്ചേരി, ഷമീം തിരൂര്‍, ജബാര്‍ പി.സി.കെ, ഫിറോസ് അബ്ദുറഹ്മാന്‍, ജമാല്‍ അസ്ഹരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

മസ്കറ്റ്: റിസാല സ്റഡി സര്‍ക്കിള്‍ 2015-16 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ടി.എ അലി അക്ബര്‍ (ജനറല്‍ കണ്‍വീനര്‍), ജാബിറലി പത്തനാപുരം (സംഘടന കണ്‍വീനര്‍), സി.സി നൌഫല്‍ (വിസ്ഡം), റസാഖ് മാറഞ്ചേരി (ട്രെയ്നിംഗ്), ഷമീം തിരൂര്‍ (റിസാല), ജബാര്‍ പി.സി.കെ (സ്റുഡന്റ്സ്), ഫിറോസ് അബ്ദുറഹ്മാന്‍ (കലാലയം), ജമാല്‍ അസ്ഹരി (ഫിനാന്‍സ്) എന്നിവരെ തെരഞ്ഞെടുത്തു.