റിയാദില്‍ മോഷണത്തിനു നൂതന രീതികള്‍; മോഷണം വാട്ടര്‍ അഥോറിറ്റി ജീവനക്കാരന്റെ വേഷത്തിലും
Tuesday, February 3, 2015 10:03 AM IST
റിയാദ്: മോഷണങ്ങള്‍ക്ക് ഒട്ടനവധി മാര്‍ഗങ്ങളുമായി രംഗത്തെത്തുന്ന തസ്കരന്‍മാരുള്ള റിയാദില്‍ വാട്ടര്‍ അഥോറിറ്റി ജീവനക്കാരെന്നു പരിചയപ്പെടുത്തി വീടും പരിസരവും മനസിലാക്കി പിന്നീടെത്തി മോഷണം നടത്തുന്ന ഒരു സംഘം ഇറങ്ങിയതായി സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.

കഴിഞ്ഞ ദിവസം റിയാദിലെ മലസില്‍ താമസിക്കുന്ന നവോദയ റിയാദ് ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ബാബുജിയുടെ മുറിയിലാണ് ഇത്തരത്തില്‍ ഒരു മോഷണം നടന്നത്.

രാവിലെ 10നു പുറത്തിറങ്ങാന്‍ നില്‍ക്കുമ്പോഴാണത്രേ ഒരു പിക്കപ്പ് വാഹനത്തില്‍ 50 വയസിന് മുകളില്‍ പ്രായമുള്ള സ്വദേശികളെന്നു തോന്നിക്കുന്ന രണ്ടു പേര്‍ താമസസ്ഥലത്തെത്തിയത്. വന്നപാടെ അവര്‍ വീട്ടിലെ വാട്ടര്‍ ടാങ്കും മറ്റും പരിശോധിക്കുന്നതു കണ്ട ബാബുജി അവരോടു കാര്യം തിരക്കിയപ്പോള്‍ വാട്ടര്‍ അഥോറിറ്റിയില്‍നിന്നാണെന്നും കെട്ടിടത്തിലെ വാട്ടര്‍ മീറ്ററില്‍ വെള്ളം അധികം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അന്വേഷിക്കാനായി എത്തിയതാണെന്നും പറഞ്ഞത്രേ. കെട്ടിടത്തില്‍ വെള്ളം ലീക്കാകുന്നുണ്േടായെന്നറിയാന്‍ ഫിലിപ്പിനോ ടെക്നീഷ്യന്‍ ഉടന്‍ എത്തുമെന്നും ഇവിടെ ആളുണ്ടാകുമല്ലോ എന്ന് ഉറപ്പു വരുത്തുകയും ചെയ്തത്രേ. യാതൊരു സംശയവും തോന്നാത്തവിധം സൌമ്യമായി അന്വേഷിച്ച അവരുടെ പെരുമാറ്റത്തില്‍ അല്പം പന്തികേട് തോന്നിയ ബാബുജി അവരറിയാതെ പിക്കപ്പിന്റെ നമ്പര്‍ മൊബൈലില്‍ പകര്‍ത്തിവച്ചു. സുഹൃത്തുക്കളെല്ലാം ജോലിക്കു പോയതാണെന്നും താനും ഉടനെ പുറത്തിറങ്ങാന്‍ നില്‍ക്കുകയാണെന്നും പറഞ്ഞപ്പോള്‍ അവര്‍ പിക്കപ്പില്‍ കയറിപ്പോയി. അവര്‍ക്ക് പുറകേ ബാബുജിയും പുറത്തുപോയി.

ഒരു മണിക്കൂര്‍ കഴിഞ്ഞ് ബാബുജി മടങ്ങി റൂമിലെത്തിയപ്പോഴേക്കും മുറിയില്‍ വാതില്‍ തുറന്നു കിടക്കുന്നതായി കണ്ട ബാബുജി അകത്തുകടന്നപ്പോള്‍ തന്റെ ലാപ്ടോപ്പും വീട്ടിലെ ഗ്യാസ് സിലിണ്ടറും വാട്ടര്‍ മോട്ടറും അടക്കം മോഷണം പോയതായി ബോധ്യപ്പെട്ടു. അല്പം മാറി താമസിക്കുന്ന മലയാളികളോട് അന്വേഷിച്ചപ്പോള്‍ ഒരു പിക്കപ്പ് കുറേ സമയം റൂമിന്റെ മുന്നില്‍ കിടക്കുന്നത് കണ്ടിരുന്നതായി പറഞ്ഞത്രേ. വാട്ടര്‍ അഥോറിറ്റിയുടെ പേരില്‍ തന്റെ റൂമിലെത്തിയവര്‍ തന്നെയാണു പിന്നീടു വന്ന് മോഷണം നടത്തിയതെന്നു ബാബുജിക്കു തീര്‍ച്ചയായി. രണ്ടു മുറികളുള്ളതില്‍ ഒന്ന് തുറന്നിരുന്നില്ല.

സൌഹൃദപൂര്‍വം തന്റെ അടുത്തു വന്ന് സംസാരിച്ച ഇരുവരും തന്നെ കബളിപ്പിക്കുകയായിരുന്നെന്നു തിരിച്ചറിഞ്ഞ ബാബുജി സ്പോണ്‍സറുടെ സഹായത്തോടെ ഉടനെ പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ അന്വേഷണത്തില്‍ വാട്ടര്‍ അഥോറിറ്റി ആരെയും പരിശോധനക്കയച്ചിട്ടില്ലെന്നും വന്നതു മോഷ്ടാക്കള്‍തന്നെ ആയിരുന്നെന്നും ഉറപ്പായതായി ബാബുജി പറഞ്ഞു.

പല വേഷങ്ങളിലെത്തി വിദേശികളുടെ മുറികളില്‍ കയറി മോഷണവും പിടിച്ചു പറിയും നടത്തുന്ന കൊള്ളസംഘങ്ങള്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്നതായാണു ബാബുജിയുടേയും സുഹൃത്തുക്കളുടേയും അനുഭവത്തില്‍നിന്നു മനസിലാകുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍