അബ്ദുള്ള രാജാവിനു കുടുംബവേദി യുണിറ്റ് ഒന്നിന്റെ ആദരം
Tuesday, February 3, 2015 9:49 AM IST
ദമാം: ജനുവരി 23ന് (വെള്ളി) പുലര്‍ച്ചെ ഒന്നിന് റിയാദിലെ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ നിര്യാതനായ അബ്ദുള്ള രാജാവിന്റെ വിയോഗത്തില്‍ നവോദയ കുടുംബവേദി അനുശോചിച്ചു.

ആധുനിക സൌദി അറേബ്യയുടെ സ്ഥാപകനായ അബ്ദുള്‍ അസീസ് രാജാവിന്റെ മകനായി 1924 ഓഗസ്റ് 21ന് റിയാദിലെ ദര്‍ഇയ്യയിലാണ് ജനിച്ച അബ്ദുള്ള രാജാവ് 1962ല്‍ ഫൈസല്‍ രാജാവിന്റെ ഭരണകാലത്ത് നാഷണല്‍ ഗാര്‍ഡ് കമാന്‍ഡറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2010 വരെ ഈ പദവിയില്‍ അദ്ദേഹം തുടര്‍ന്നു. 1975ല്‍ ഖാലിദ് രാജാവിന്റെ കാലത്ത് രണ്ടാം ഉപപ്രധാനമന്ത്രിയായി. 1982ല്‍ ഫഹദ് രാജാവിന്റെ കാലത്ത് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി. ഫഹദ് രാജാവിന്റെ വിയോഗത്തെത്തുടര്‍ന്ന് സൌദി അറേബ്യയുടെ ആറാമത്തെ ഭരണാധികാരിയായി 2005 ഓഗസ്റ് ഒന്നിന് അബ്ദുള്ള രാജാവ് അധികാരമേറ്റെടുത്തു.

ഇരു വിശുദ്ധ ഗേഹങ്ങളുടെ പരിപാലകന്‍ എന്ന വിശേഷണമുള്ള സൌദി രാജ പദവിയിലെ ഏറ്റവും ജനപ്രിയനായ ഭരണാധികാരിയായിരുന്നു അബ്ദുള്ള രാജാവ്.

അറബ്രാഷ്ട്ര നേതാക്കളില്‍ സൌഹൃദത്തിനും സഹവര്‍ത്തിത്വത്തിനും ഏറ്റവും പ്രധാന്യം നല്‍കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ സൌദിയെ പിടിച്ചുനിര്‍ത്തിയതും അദ്ദേഹത്തിന്റെ ഭരണ മികവായിരുന്നു.

സൌദിയുടെ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ രാജാവ് വരുത്തിയ പരിഷ്കാരങ്ങള്‍ വളരെ വലുതായിരുന്നു. സ്ത്രീശാക്തീകരണത്തില്‍ രാജ്യം വളരെ മുന്നോട്ടു പോയതും അദ്ദേഹത്തിന്റെ ഭരണകാലത്തെ സുപ്രധാന നേട്ടങ്ങളിലൊന്നാണ്. സൌദിയുടെ പരമോന്നത വേദിയായ ശൂറ കൌണ്‍സിലില്‍ സ്ത്രീകള്‍ക്കു പ്രാതിനിധ്യം അദ്ദേഹം ഉറപ്പു വരുത്തി. അറബ് മേഖലയിലെ സങ്കീര്‍ണമായ രാഷ്ട്രീയ, സാമ്പത്തിക, തീവ്രവാദ പ്രശ്നങ്ങള്‍ക്കിടയിലും സൌദിയെ ഒറ്റെക്കെട്ടായി മുന്നോട്ടുനയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. വിദേശികളോട് ഏറ്റവും കൂടുതല്‍ കാരുണ്യവും ബഹുമാനവും നല്‍കിയിരുന്നു.

ഇന്ത്യ എന്റെ രണ്ടാം ഗൃഹമാണെന്നു റിപ്പബ്ളിക്ദിനത്തിന്റെ അതിഥിയായി ഇന്ത്യയില്‍ എത്തിയപ്പോള്‍ പറഞ്ഞത് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. കാരുണ്യത്തിന്റെ കരുണ വറ്റാത്ത മഹാമാനുഷിക്കു പ്രണാമം.

യുണിറ്റ് സെക്രട്ടറി രാജേഷ് ആനമങ്ങാട് സ്വാഗതം പറഞ്ഞ അനുശോചന യോഗത്തില്‍ പ്രസിഡന്റ് ഷാജി പനോലന്‍ അധ്യക്ഷത വഹിച്ചു. അനുശോചന പ്രമേയം കുടുംബവേദി എക്സിക്യൂട്ടീവ് അംഗം ഷെറീന ഷാജി അവതരിപ്പിച്ചു. യോഗത്തിനു ട്രഷര്‍ സുജ സുധീഷ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം