ഐഎഫ്എഫ് കാമ്പയിന്‍ സമാപിച്ചു
Monday, February 2, 2015 10:07 AM IST
റിയാദ്: ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം റിയാദ് കേരളാ ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രയപ്പെട്ട നബി കാമ്പയിന്‍ സമാപിച്ചു. റിയാദ് ബത്ഹ റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം പ്രമുഖ ഗ്രന്ഥകാരനും അല്‍ ജുമുഅ മാഗസിന്‍ സര്‍ക്കുലേഷന്‍ മാനേജറുമായ ഹനീഫ് പുല്ലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.

ജീവിതത്തിന്റെ എല്ലാതുറകളിലും പ്രവാചകന്‍ മാതൃകയാണെന്നും പ്രവാചകന്റെ സുന്നത്തുകളെ പിന്‍പറ്റി ജീവിക്കലാണ് യഥാര്‍ഥ പ്രവാചക സ്നേഹമെന്നും അദ്ദേഹം പറഞ്ഞു. മതത്തില്‍ പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങള്‍ അതെത്ര ആകര്‍ഷകമാണെങ്കിലും തള്ളിക്കളയേണ്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അബ്ദുള്‍ അസീസ് അന്‍വരി മുഖ്യപ്രഭാഷണം നടത്തി. പ്രവാചക ചരിത്രത്തില്‍ മറച്ചു പിടിക്കേണ്ടതായ ഒന്നും ഇല്ല. യുദ്ധവും സമാധാനവും ഒരുപോലെ വിലയിരുത്തപ്പെടേണ്ടതാണ്. പ്രവാചകന്റെ കാരുണ്യത്തെയും വിട്ടുവീഴ്ചകളേയും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നത് പ്രവാചകനെ തെറ്റായ രീതിയില്‍ മറ്റുള്ളവര്‍ മനസിലാക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ ഖിറാഅത്ത് നടത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം സദസില്‍ വിതരണം ചെയ്തു. അന്‍വര്‍ സാദത്ത് (ജി-മാര്‍ട്ട്) അക്ബര്‍ വേങ്ങാട്ട് (ഷിഫ അല്‍ജസീറ), കെ.ടി മുഹമ്മദ് എന്നിവര്‍ സമ്മാന വിതരണം നടത്തി.

സലീം മൌലവി അല്‍ഖാസിമി അധ്യക്ഷത വഹിച്ചു. ഡോ.അബ്ദുള്‍ അസീസ്, അഹമ്മദ് കൊല്ലം, കോയ ഫറോക്ക്, യഹ്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. മിഷാജ് ഷാഫി ഖിറാഅത്ത് നടത്തി. അഷ്റഫ് മേലാറ്റൂര്‍ സ്വാഗതവും നൂറുദ്ദീന്‍ താനൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍