മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ റിപ്പബ്ളിക് ദിനം ആചരിച്ചു
Friday, January 30, 2015 4:28 AM IST
ഫിലാഡല്‍ഫിയ: ഇന്ത്യയുടെ അറുപത്തിയാറാമത് റിപ്പബ്ളിക് ദിനാഘോഷം, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) ആഘോഷപൂര്‍വ്വം കൊണ്ടാടി. ജനുവരി 25-ന് ഞായറാഴ്ച വൈകുന്നേരം 4.30-ന് മാപ്പ് ഐ.സി.സി സെന്ററില്‍ വെച്ച് പ്രസിഡന്റ് സാബു സ്കറിയയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കുമാരി ഇവാഞ്ചലിന്‍ ജോണ്‍ അമേരിക്കന്‍ ദേശീയ ഗാനവും, രാജേഷ് ജോണ്‍ ഇന്ത്യന്‍ ദേശീയ ഗാവവും ആലപിച്ചു. വൈസ് പ്രസിഡന്റ് ഡാനിയേല്‍ പി. തോമസ് സ്വാഗതം ആശംസിച്ചു.

ഒരു നൂറ്റാണ്ടിലേറെക്കാലം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ പോരാടിയ സ്വാതന്ത്യ്രസമര സേനാനികളുടേയും ഇന്ത്യയുടെ സുരക്ഷയ്ക്കായി ജീവത്യാഗം ചെയ്ത ധീര ജവാന്മാരുടേയും ഓര്‍മ്മകള്‍ക്കു മുന്നില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. പ്രസിഡന്റ് സാബു സ്കറിയ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഇന്ത്യയുടെ സാമ്പത്തിക-സാംസ്കാരിക -ശാസ്ത്ര രംഗങ്ങളില്‍ കഴിഞ്ഞ 65 വര്‍ഷക്കാലമായി ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ശ്രീ സുന്ദരേശന്‍ ജോസഫ് (റിട്ട. ഡിവൈഎസ്പി, കേരളാ പോലീസ്) റിപ്പബ്ളിക് ദിന സന്ദേശം നല്‍കി.

തുടര്‍ന്ന് പ്രമുഖ ഇന്‍ഷ്വറന്‍സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ രാകേഷ് മൊഹിന്ദ്രൂ അഫോര്‍ഡബിള്‍ കെയര്‍ ആക്ടിനെക്കുറിച്ച് (ഒബാമ കെയര്‍) വിശദമായി സംസാരിക്കുകയും സദസ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഫിലാഡല്‍ഫിയയിലെ പ്രമുഖ ഗായകരായ സാബു പാമ്പാടി, അനൂപ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സെക്രട്ടറി സിജു ജോണിന്റെ കൃതജ്ഞതയോടുകൂടി യോഗം അവസാനിച്ചു. സോബി ഇട്ടി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം