ടി.എന്‍ പ്രതാപന്‍ എംഎല്‍എ ജനുവരി 23 ന് ജിദ്ദയില്‍
Tuesday, January 20, 2015 4:51 AM IST
ജിദ്ദ: ഒഐസിസി തൃശൂര്‍ ജില്ല കമ്മിറ്റിയുടെ പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ 2014 ഡിസംബറില്‍ 'മഴവില്‍ 2014' എന്ന പേരില്‍ ജിദ്ദയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.

മഴവില്‍ 2014 ന് ജിദ്ദയിലെ വിദ്യാര്‍ഥി സമൂഹത്തില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രരചനാമത്സരം നാലു വിഭാഗങ്ങളായി തിരിച്ചാണ് സംഘടിപ്പിക്കപ്പെട്ടത്. ഓരോ വിഭാഗത്തില്‍ നിന്നും മികച്ച മൂന്ന് വിജയികളെ തെരഞ്ഞെടുക്കപ്പെട്ടു. നാനൂറോളം പ്രതിഭകള്‍ പങ്കെടുത്ത മത്സരത്തിലെ വിജയികളെ നിര്‍ണയിച്ചത് സി.എസ് അജയന്‍, ലത സുരാജ് എന്നിവരടങ്ങുന്ന വിധികര്‍ത്താക്കളാണ്. ഒന്നാം സ്ഥാനം നേടിയ വിജയികള്‍ക്ക് സ്വര്‍ണ നാണയവും മൊമെന്റൊയുമാണ് സമ്മാനം. മറ്റു വിജയികള്‍ക്ക് മൊമെന്റോകളും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. സമ്മാനദാനം ജനുവരി 23ന് (വെള്ളി) കെ. കരുണാകരന്‍ നഗറില്‍ (ഇമ്പാല ഗാര്‍ഡന്‍ റസ്ററന്റില്‍) നടക്കുന്ന സമ്മേളനത്തില്‍ സമ്മാനിക്കും.

ചടങ്ങില്‍ ടി.എന്‍. പ്രതാപന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മദ്യനയമുള്‍പ്പെടെയുള്ള സമകാലിക രാഷ്ട്രീയ വിഷയങ്ങളെകുറിച്ച് പ്രതാപന്‍ ചടങ്ങില്‍ പ്രസംഗിക്കും.

ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സമാഹരിച്ച കൂപ്പണുകളുടെ നറുക്കെടുപ്പും ചടങ്ങില്‍ നടക്കും. ജിദ്ദയിലെ ഒഐസിസി യുടെ പ്രമുഖ നേതാക്കള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഷരീഫ് ഇബ്രാഹിം (പ്രസിഡന്റ്, ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി), ശ്രുത സേനന്‍ കളരിക്കല്‍ (ജനറല്‍ സെക്രട്ടറി ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി) സൈദ് മുഹമ്മദ്, ദിലീപ് ഏങ്ങണ്ടിയൂര്‍, കെ.സി അബ്ദുള്‍ റഹ്മാന്‍, സി.എം അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍