എണ്ണ വിലയിടിവ് താത്കാലിക പ്രതിഭാസം : ഡോ. അലി അല്‍ ഉമൈര്‍
Thursday, January 15, 2015 6:03 AM IST
കുവൈറ്റ്: ആഗോളവിപണിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന എണ്ണ വിലയിടിവ് ഈവര്‍ഷം പകുതി കഴിയാതെ പരിഹരിക്കാന്‍ കഴിയില്ലെന്ന് കുവൈറ്റ് എണ്ണമന്ത്രി ഡോ. അലി അല്‍ ഉമൈര്‍.

പ്രതിദിനം ഏകദേശം 1.8 ബരലിന്റെ എണ്ണയുടെ മിച്ചമാണ് ഉണ്ടാകുന്നത്. ആഗോള സാമ്പത്തിക രംഗം മെച്ചപ്പെട്ടാല്‍ മാത്രമേ നിലവിലെ സാഹചര്യത്തിന് മാറ്റം വരുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഏറ്റവും വലിയ തോതിലുള്ള വിലക്കുറവാണ് ഇപ്പോള്‍ എണ്ണ വിപണിയില്‍ സംഭവിക്കുന്നത്. വിപണിയില്‍ എണ്ണ ലഭ്യത അധികമായി തുടരുന്നതുമാണ് വിലയിടിവിന് മറ്റൊരു കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒപെക് രാജ്യങ്ങളുടെ യോഗം ജൂണില്‍ ആയിരിക്കും നടക്കുക. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ രാജ്യങ്ങള്‍ ഇതുവരെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടില്ല. എണ്ണ ഉത്പാദനം വെട്ടിക്കുറച്ചാല്‍ തന്നെയും നിലവില്‍ വിപണിയില്‍ മിച്ചമുള്ള എണ്ണയുടെ തോത് മറികടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍