കുവൈറ്റില്‍ രണ്ടുവര്‍ഷത്തെ കാലാവധിയുള്ള പാസ്പോര്‍ട്ടുള്ളവര്‍ക്കുമാത്രം തൊഴില്‍ വീസ
Wednesday, January 14, 2015 6:21 AM IST
കുവൈറ്റ്: കുവൈറ്റിലേക്ക് തൊഴില്‍ വീസ ലഭിക്കാന്‍ പാസ്പോര്‍ട്ടില്‍ ചുരുങ്ങിയത് രണ്ടുവര്‍ഷത്തെ കാലാവധി ഉണ്ടായിരിക്കണം എന്ന നിയമം നിലവില്‍ വന്നു. വിദേശികളുടെ പാസ്പോര്‍ട്ട് ഇഖാമ കാലാവധികള്‍ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് താമസകാര്യ വകുപ്പ് പുതുതായി രാജ്യത്തെത്തുന്നവര്‍ക്കും മിനിമം കാലാവധി നിബന്ധന ബാധകമാക്കിയത്.

രാജ്യത്തുള്ള വിദേശികളുടെ ഇഖാമ പുതുക്കുന്ന സമയത്ത് പാസ്പോര്‍ട്ടിന് ചുരുങ്ങിയത് ഒരു വര്‍ഷത്തെ കാലപരിധിയുണ്ടായിരിക്കണമെന്ന നിബന്ധന അധികൃതര്‍ നേരത്തെ നടപ്പാക്കിയിരുന്നു.

വിദേശികളുടെ പാസ്പോര്‍ട്ട്, ഇഖാമ കാലാവധികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു താമസകാര്യ വകുപ്പ് ഇത്തരം ഒരു നിബന്ധന നടപ്പാക്കിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പുതിയ വീസയില്‍ എത്തുന്നവരുടെ പാസ്പോര്‍ട്ടില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ കാലാവധി നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിലെ പാസ്പോര്‍ട്ട്, പൌരത്വകാര്യ അണ്ടര്‍ സെക്രട്ടറി കേണല്‍ മാസിന്‍ അല്‍ ജര്‍റാഹ് ആണ് പാസ്പോര്‍ട്ടില്‍ രണ്ട് വര്‍ഷത്തില്‍ കുറഞ്ഞ കാലപരിധിയുള്ള വിദേശികള്‍ക്ക് ഇഖാമ ഇഷ്യു ചെയ്യില്ലെന്ന് പ്രഖ്യാപിച്ചത്. അതോടൊപ്പം സന്ദര്‍ശക വീസ ലഭിക്കുന്നതിന് പാസ്പോര്‍ട്ടിന് ചുരുങ്ങിയത് ആറു മാസം കാലപരിധിയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തില്‍ കുറഞ്ഞ കാലപരിധിയുള്ള പാസ്പോര്‍ട്ടുകളില്‍ ഒരു കാരണവശാലും ഇഖാമ അടിക്കില്ലെന്നും അത്തരക്കാര്‍ തങ്ങളുടെ പാസ്പോട്ട് പുതുക്കി കാലപരിധി കൂട്ടാന്‍ ജാഗ്രത കാണിക്കണമെന്നും അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ജവാസാത്തുകളിലും എംബസികളിലും രേഖകള്‍ പുതുക്കാനെത്തുന്നവരുടെ തിരക്കാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍