ഡോ. മുഹമദ് കാവുങ്ങലിന് ഭാരത് ഗൌരവ് അവാര്‍ഡ്
Monday, January 12, 2015 9:50 AM IST
ജിദ്ദ: ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫ്രന്റ്ഷിപ് സൊസൈറ്റിയുടെ (ഐഐഎഫ്എസ്) ഈ വര്‍ഷത്തെ ഭാരത് ഗൌരവ് പുരസ്കാരം ഡോ. മുഹമ്മദ് കാവുങ്ങലിന്. ഇന്ത്യന്‍ തലസ്ഥാന നഗരിയിലെ ലെ മെരിഡിയന്‍ പഞ്ച നക്ഷത്ര ഹോട്ടലില്‍ തമിഴ്നാട്,ആസാം മുന്‍ ഗവര്‍ണര്‍ ഡോ. ഭീഷ്മ നരിന്‍ സിംഗില്‍ നിന്നും ഏറ്റുവാങ്ങി. മുന്‍ സിബിഐ ഡയറക്ടറും ഐഐഎഫ്എസ് ചെയര്‍മാനുമായ സര്‍ദാര്‍ ജഗീന്ദര്‍ സിംഗ് അധ്യക്ഷത വഹിച്ചു.

ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ ഇന്ത്യന്‍ വംശജരുടെ സൌഹൃദപരമായ കൂട്ടായ്മയുണ്ടാക്കുകയും അവര്‍ക്കിടയില്‍ ആശയവിനിമയത്തിലൂടെ ക്രിയാത്മകമായ പരസ്പര സഹകരണവും രാഷ്ട്ര പുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ 'ഭാരത് ഗൌരവ്' അവാര്‍ഡ് തൊഴില്‍ രംഗത്തും പൊതു സേവന രംഗത്തും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദേശ ഇന്ത്യക്കാര്‍ക്കാണ് നല്‍കാറുള്ളത്.

സൌത്ത് ലണ്ടന്‍ മേയര്‍ സിഎല്‍എല്‍ആര്‍ സുനില്‍ ചോപ്ര, സൌത്ത് ആഫ്രിക്കന്‍ പാര്‍ലമെന്റ് അംഗം ഷമീന്‍ താക്കൂര്‍ രാജ് ബന്‍സി എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

രാജ്യാതിര്‍ത്തികള്‍ കടന്നുള്ള സൌഹൃദക്കൂട്ടയ്മകള്‍ക്ക് രാജ്യത്തിനു വേണ്ടിയും വ്യക്തിപരമായും ക്രിയാത്മകമായി ചെയ്യാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും അത്തരം സംരംഭങ്ങള്‍ക്ക് എല്ലാ കാലത്തും പ്രാധാന്യം നല്‍കുമെന്നും അവാര്‍ഡ് സ്വീകരിച്ച ഡോ. മുഹമ്മദ് കാവുങ്ങല്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍