ഭരത് മുരളി നാടകോത്സവം: മിച്ച നാടകം 'ഹംസഗീതം', സംവിധായകന്‍ സുവീരന്‍
Sunday, January 11, 2015 7:22 AM IST
അബുദാബി: യുഎഇയിലെ നാടകാസ്വാദകരേയും നാടക കലാകാരന്മാരേയും ഒരുപോലെ ആവേശഭരിതരാക്കിക്കൊണ്ട് അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ ആറാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയറ്റര്‍ ദുബൈ അവതരിപ്പിച്ച 'ഹംസഗീതം' മികച്ച നാടകമായും യുവകലാസാഹിതി അബുദാബി അവതരിപ്പിച്ച 'കുറ്റവും ശിക്ഷയും' മികച്ച രണ്ടാമത്തെ നാടകമായും തെരഞ്ഞെടുത്തു.

ഹംസഗീതം സംവിധാനം ചെയ്ത സുവീരനാണ് മികച്ച സംവിധായകന്‍. ഇത് നാലാം തവണയാണ് സുവീരന്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെടുന്നത്. യുഎഇയില്‍ നിന്നുള്ള നിന്നുള്ള മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് 'ഒറ്റമുറി'യുടെ സംവിധായകന്‍ ബിജു കൊട്ടിലയെയാകുന്നു.

ഹംസഗീതത്തില്‍ നടന്‍ എന്ന കഥാപാത്രത്തിനു ജീവന്‍ പകര്‍ന്ന ഒ.ടി. ഷാജഹാനെ മികച്ച നടനായി തെരഞ്ഞെടുത്തപ്പോള്‍ നാടകസൌഹൃദം അബുദാബി അവതരിപ്പിച്ച 'ഞായറാഴ്ച'യില്‍ ഏയ്ഞ്ചലായി വേഷമിട്ട മെറിന്‍ മേരി ഫിലിപ്പിനെ മികച്ച നടിയായും തിയോറ റാസല്‍ഖൈമയുടെ 'ഒറ്റമുറി'യില്‍ വീണയെ അവതരിപ്പിച്ച അമൃത മനോജിനെ മികച്ച ബാലതാരമായും തെരഞ്ഞെടുത്തു. റാസല്‍ഖൈമ സ്കോളാര്‍സ് ഇന്ത്യന്‍ സ്കൂളില്‍ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനിയാണ് അമൃത.

അബുദാബി ശക്തി തിയറ്റേഴ്സിന്റെ സ്വപ്നമാര്‍ഗത്തില്‍ അഭിജിത്തായി അഭിനയിച്ച പ്രകാശന്‍ തച്ചങ്ങാടിനെ മികച്ച സഹ നടനായും കുറ്റവും ശിക്ഷയും എന്ന നാടകത്തില്‍ എലീനയുടേയും സോണിയയുടേയും വേഷങ്ങളില്‍ വന്ന ദേവി അനിലിനെ മികച്ച സഹ നടിയായും നാട്യഗൃഹം അബുദാബിയുടെ ബായേനില്‍ ബഗീരഥനായി വേഷമിട്ട ആസാദിനെ മികച്ച സഹ ബാലതാരമായും തെരെഞ്ഞെടുത്തു.

മികച്ച പ്രകാശവിതാനത്തിനു ജോസ് കോശിയേയും (ഞായറാഴ്ച, ബായേന്‍) മികച്ച പശ്ചാത്തല സംഗീതമൊരുക്കിയതിനു മുഹമ്മദലി കൊടുമുണ്ടയേയും (സ്വപ്നമാര്‍ഗം) മികച്ച രംഗസജ്ജീകരണത്തിനു മധു കണ്ണാടിപ്പറമ്പ്, മുഹമ്മദലി (തുഗ്ളക്ക്) എന്നിവരേയും പരിഗണിച്ചപ്പോള്‍ സ്വപ്നമാര്‍ഗം, കുറ്റവും ശിക്ഷയും, ഒറ്റ്, പെണ്ണ്, അനന്തരം അയനം എന്നീ നാടകങ്ങളിലെ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കിയ ക്ളിന്റ് പവിത്രനായിരുന്നു മികച്ച ചമയത്തിനുള്ള അവാര്‍ഡ്.

ജൂറിയുടെ സ്പെഷല്‍ അവാര്‍ഡുകള്‍ക്ക് വിനോദ് പട്ടുവം (തുഗ്ളക്ക്), കൃഷ്ണനുണ്ണി (മൂകനര്‍ത്തകന്‍) എന്നീ നടന്‍മാരും ആതിര പ്രേം (പെണ്ണ്), അനന്തലക്ഷ്മി (ബായേന്‍), നുസൈബ (പെണ്ണ്) എന്നീ നടികളും അര്‍ഹരായി.

നാടകോത്സവത്തിന്റെ ഭാഗമായി യുഎഇ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഏകാങ്ക നാടക രചനാ മത്സരത്തില്‍ കെ.വി. ബഷീര്‍ രചിച്ച 'ഒരവധികാലത്ത്' ഒന്നാം സമ്മാനര്‍ഹമായി. റഷീദ് പുന്നിലത്തിന്റെ 'ഗള്‍ഫിലെ പൂച്ചകള്‍', ശീഹരി ഇത്തിക്കാടിന്റെ 'പൂച്ചപ്പേടി' എന്നീ രചനകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഒരു മാസം നീണ്ടുനിന്ന നാടകോത്സവത്തില്‍ പതിനഞ്ച് നാടകങ്ങളാണ് മത്സര രംഗത്തുണ്ടായിരുന്നത്. സമാപന ദിവസം പ്രഫസര്‍ അലിയാറിന്റേയും പ്രമോദ് പയ്യന്നൂരിന്റേയും ശിക്ഷണത്തില്‍ കെഎസ്സി ബാലവേദി കൂട്ടുകാര്‍ തയാറാക്കിയ 'ക്വാ ക്വാ അഥവാ ഒരുമയാണ് പെരുമ' എന്ന നാടകം അവതരിപ്പിച്ചു. ഭരത് മുരളി അനുസ്മരണ പ്രഭാഷണം സെന്റര്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ ബാബുരാജ് പിലിക്കോട് നിര്‍വഹിച്ചു.

സെന്റര്‍ പ്രസിഡന്റ് എം.യു. വാസുവിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ നാടകങ്ങളെ വിലയിരുത്തിക്കൊണ്ട് വിധി കര്‍ത്താക്കളായ പ്രഫ. അലിയാര്‍, പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

പിറന്ന മണ്ണിന്റെ നന്മയ്ക്കുവേണ്ടി, അരങ്ങിനെ നെഞ്ചേറ്റിയ ചരിത്രമാണ് ഓരോ പ്രവാസി സംഘടനയും മുന്നോട്ട് വയ്ക്കുന്നതെന്നും അവരുടെ ആത്മഭാവങ്ങളുടെ പ്രകാശനമാണ് നാടകം എന്ന ജനകീയ കലാരൂപത്തിലൂടെ ഓരോ പ്രവാസി കലാസംഘടനയും സാക്ഷാത്കരിച്ചതെന്നും വിധിപ്രഖ്യാപനം നടത്തവെ വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

ആര്‍ജവമുള്ള പ്രവാസി സംഘങ്ങള്‍ നാടകകലയുടെ പുതിയ സര്‍ഗബോധങ്ങളെ അരങ്ങിലെത്തിക്കുവാന്‍, ജീവിതനന്മകളെ തിരികെ പിടിക്കുവാന്‍, പിറന്ന മണ്ണിന്റെ ജീവിത പുരോഗമനങ്ങള്‍ക്കുവേണ്ടി ദിശാബോധത്തോടെ മുന്നോട്ടു നീങ്ങുന്നു എന്നതിന്റെ തെളിവായിരുന്നു ഭരത് മുരളി നാടകോത്സവം. ഉണര്‍വിനും ഉയിര്‍പ്പിനും വേണ്ടിയുള്ള പ്രവാസി കലാകാരന്മാരുടെ ദിശാബോധമുള്ള സാംസ്കാരിക ദൌത്യങ്ങളാണ് ഞങ്ങള്‍ അരങ്ങില്‍ കണ്ടറിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നാടകങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള 45 പേജുകളടങ്ങുന്ന വിധിപകര്‍പ്പ് 15 നാടകസമിതികള്‍ക്കും പ്രസ്തുത വേദിയില്‍ വിതരണം ചെയ്തു.

ജേതാക്കള്‍ക്കുള്ള പുരസ്കാരങ്ങള്‍ ജെമിനി ബില്‍ഡിംഗ് മാനേജിംഗ് ഡയറക്ടര്‍ ഗണേഷ് ബാബു, പവര്‍ ബില്‍ഡിംഗ് മെറ്റേരിയല്‍സ് മാനേജിംഗ് ഡയറക്ടര്‍ രാജന്‍, വിവിധ സംഘടനാപ്രതിനിധികള്‍, കേരള സോഷ്യല്‍ സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു.

കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കലാവിഭാഗം സെക്രട്ടറി രമേശ് രവി എന്നിവര്‍ അവാര്‍ഡ് ദാന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള