പ്രവാസി ക്ഷേമനിധിയിലെ അപാകതകള്‍ പരിഹരിക്കുക: കല കുവൈറ്റ്
Sunday, January 11, 2015 7:17 AM IST
കുവൈറ്റ് സിറ്റി: പ്രവാസി ക്ഷേമനിധികളിലെ അപാകതകള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റ് ഫഹഹീല്‍ മേഖല സമ്മേളനം പ്രമേയത്തിലൂടെ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന പണമാണ് കേരളത്തിന്റെ പ്രധാന സാമ്പത്തിക അടിത്തറയില്‍ ഒന്ന്, എന്നാല്‍ ഇതിനനുസരിച്ച രീതിയിലുള്ള ഒരു പരിഗണനയും ഇപ്പോള്‍ പ്രവാസിക്ക് ലഭിക്കുന്നില്ല. 1996 ല്‍ ഇ.കെ.നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രവാസി ക്ഷേമവകുപ്പ് നടപ്പിലാക്കിയ ക്ഷേമ പദ്ധതികള്‍ പലതും തുടര്‍ന്ന് സജീവമായികൊണ്ട്പോകുന്നതിനു പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാരുകള്‍ തയാറാവത്തത് നീതീകരിക്കാന്‍ കഴിയാത്തതാണ്.

പെന്‍ഷന്‍ പദ്ധതികളിലേക്ക് പ്രവാസികള്‍ അടയ്ക്കേണ്ട തുക വര്‍ധിപ്പിച്ചും 60 വയസ് കഴിഞ്ഞ പ്രവാസിക്ക് പദ്ധതികളില്‍ അംഗമാകാന്‍ കഴിയില്ല എന്നതുള്‍പ്പെടെ നിരവധി തീരുമാനങ്ങള്‍ ഇതിനു ഉദാഹരങ്ങളാണ്. ഇത്തരം നടപടികള്‍ അടിയന്തരമായി തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഗള്‍ഫിലെ പുതിയ തൊഴില്‍ പരിഷ്കരണങ്ങളുടെ ഭാഗമായി നിരവധി പേരാണ് ദിവസേന എന്നോണം തൊഴില്‍ നഷ്ട്ടപെട്ടു നാട്ടിലേക്ക് തിരിച്ചുവരുന്നത്. ഇവരുടെ പുനരധിവാസത്തിനും ഉതകുന്ന നടപടികള്‍ സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മംഗഫ് കലാ സെന്ററില്‍ (ജസ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ നഗറില്‍) നടന്ന സമ്മേളനം കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറി ശശി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ജെയിംസ് കെ.തോമസ്, നോബി ആന്റണി എന്നിവര്‍ അടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. മേഖല സെക്രട്ടറി അനില്‍കൂക്കിരി പ്രവര്‍ത്തന റിപ്പോര്‍ട്ടും കല കുവൈറ്റ് പ്രസിഡന്റ് ജെ. സജി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സലീല്‍ ഉസ്മാന്‍ അനുശോചന പ്രമേയവും പ്രസീദ് കരുണാകരന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടി.വി.ജയന്‍, ട്രഷറര്‍ റജി കെ.ജേക്കബ്, കേന്ദ്ര ഭാരവാഹികളായ സജീവ് എം. ജോര്‍ജ്, സി.കെ. നൌഷാദ്, യു.പി വിജീഷ്, ടി.വി.ഹിക്മത്ത് എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.

സുഗതകുമാര്‍ സെക്രട്ടറിയും ജെയിംസ് കെ.തോമസ്, ജ്യോതിഷ്, ദേവദാസ്, രഞ്ജിത്ത് സുധാകരന്‍, പ്രസീദ് കരുണാകരന്‍, ചന്ദ്രബോസ്, രഘു പേരാമ്പ്ര, അജികുമാര്‍, മണികുട്ടന്‍, സലീല്‍ ഉസ്മാന്‍ എന്നിവരും മേഖലയിലെ 22 യൂണിറ്റ് കണ്‍വീനര്‍മാരും അംഗങ്ങളായ മേഖല കമ്മിറ്റിയെയും 134 അംഗ കേന്ദ്ര വാര്‍ഷിക സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തിനു സ്വാഗതസംഘം ചെയര്‍മാന്‍ സുദര്‍ശന്‍ കളത്തില്‍ സ്വാഗതവും തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി സുഗതകുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍