ജി.കെ. പിള്ളക്കെതിരെ നടന്ന ആക്രമണം; ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രതിഷേധിച്ചു
Monday, January 5, 2015 10:04 AM IST
ന്യൂയോര്‍ക്ക്: മുന്‍ ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ളക്കെതിരെ നടന്ന ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി ഇപ്പോള്‍ കേരളത്തിലുള്ള ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റും ഹെരിറ്റേജ് ഇന്ത്യ ചെയര്‍മാനുമായ തോമസ് ടി. ഉമ്മന്‍ പത്രകുറിപ്പില്‍ അറിയിച്ചു.

ഇന്ത്യക്കാരുടെ നേരെ, പ്രത്യേകിച്ച് മലയാളികളുടെ നേരെയുള്ള, ഇത്തരം ആക്രമണങ്ങളെ ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്നും എത്രയും വേഗം കുറ്റവാളിയെ അറസ്റു ചെയ്ത് നിയമപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വ്യക്തിപരമായും രാഷ്ട്രീയപരമായും സംഘടനാപരമായും എല്ലാ മലയാളികളും ഒറ്റക്കെട്ടായി നിന്ന് ഈ കിരാത നടപടിയെ ശക്തിയുക്തം എതിര്‍ക്കുകയും തുടര്‍നടപടികള്‍ ധ്രുതഗതിയിലാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

നിരവധി പേര്‍ക്ക് സഹായഹസ്തവുമായി എപ്പോഴും നിലകൊള്ളുന്ന, ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ച് പലര്‍ക്കും അത്താണിയായി നിലകൊള്ളുന്ന, ജി.കെ.പിള്ളയെപ്പോലെയുള്ള സുമനസുകളുടെ നേരെ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത് മലയാളി സമൂഹം ഗൌരവമായി കണക്കാക്കണമെന്നും തോമസ് ടി. ഉമ്മന്‍ പറഞ്ഞു.

അടുത്ത കാലങ്ങളില്‍ ടെക്സസ് സംസ്ഥാനത്ത് മലയാളികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന ഹീനപ്രവര്‍ത്തികള്‍ പലര്‍ക്കം പേടിസ്വപ്നമായിരിക്കുകയാണ്. വീടുകളിലും ഓഫീസുകളിലും നിര്‍ഭയം ജീവിക്കാനുള്ള അവസ്ഥ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്റിനുണ്ട്. അതുകൊണ്ട് ടെക്സസ് ഗവര്‍ണര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടുകയും ഇപ്പോള്‍ നടന്നതുപോലെ സമാനമായ സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കുകയില്ല എന്ന ഉറപ്പ് ജനങ്ങള്‍ക്ക് നല്‍കണമെന്നും തോമസ് ടി. ഉമ്മന്‍ നിര്‍ദ്ദേശിച്ചു. ജി.കെ. പിള്ള എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.