കൈരളി കേരളോത്സവം ജനുവരി രണ്ടിന്
Tuesday, December 30, 2014 8:04 AM IST
ഫുജൈറ: ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവയ്ക്കപ്പെട്ട കൈരളി ഫുജൈറ കേരളോത്സവം ജനുവരി രണ്ടിന് (വെള്ളി) നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

നാടന്‍ വിഭവങ്ങളും നാടന്‍ കലകളും നാടന്‍ വാദ്യങ്ങളുമായി ഒരു നാട്ടുത്സവത്തിന്റെ പുനരാവിഷ്കാരത്തിനായിരിക്കും ഫുജൈറ കോര്‍ണീഷ് സാക്ഷിയാകുക.

ചെണ്ടയുടെ അകമ്പടിയോടെ തെയ്യം, കാവടി, മുത്തുക്കുടകള്‍, ആനയുമടങ്ങുന്ന ഘോഷയാത്ര, കോല്‍കളി, ഒപ്പന, തിരുവാതിര, നാടന്‍ നൃത്തങ്ങള്‍, സെമി ക്ളാസിക്കല്‍ നൃത്തങ്ങള്‍, ശിങ്കാരിമേളം, നാദബ്രഹ്മ ഗ്രൂപ്പിന്റെ ഗാനമേള എന്നിവ സ്റേജ് പരിപാടിയിലെ മുഖ്യയിനങ്ങളാണ്. കൂടാതെ ചായക്കട, നാടന്‍ തട്ടുകട, ഹലുവ, പൊരി, മാല, വള, പുസ്തകശാല തുടങ്ങിയ സ്റാളുകളും കേരളോത്സവത്തിന് കൂടുതല്‍ ദൃശ്യഭംഗിയേകും.

വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 11.30 വരെ ആഘോഷ പരിപാടികള്‍. എട്ടിന് നടക്കുന്ന പൊതുസമ്മേളനം ദുബായ് ഡപ്യെട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഡോ. കെ.ടി ജലീല്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും.