ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ഭക്തിസാന്ദ്രമായ ക്രിസ്മസ് ആഘോഷം
Monday, December 29, 2014 4:55 AM IST
ഫിലഡല്‍ഫിയ: ഉണ്ണിയേശുവിന്റെ പിറവിത്തിരുനാള്‍ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ കാര്‍മ്മികത്വത്തില്‍ തിരുപ്പിറവിയുടെ ചടങ്ങുകളും, നേറ്റിവിറ്റി ഷോയും, കരോള്‍ഗാനപൂജയും ദിവ്യബലിയും ആത്മീയചൈതന്യം തുടിച്ചുനിന്ന അന്തരീക്ഷത്തില്‍ നടത്തപ്പെട്ടു.

ക്രിസ്മസ് തലേന്ന് ബുധനാഴ്ച്ച വൈകിട്ട് ആറു മണി മുതല്‍ ഒമ്പതു വരെ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ ആയിരത്തോളം വരുന്ന ഇടവക സമൂഹം ഒന്നടങ്കം പങ്കെടുത്ത് ലോകരക്ഷക്കായി മനുഷ്യാവതാരമെടുത്ത ഉണ്ണിയേശുവിനെ ആരാധിച്ചുവണങ്ങി. ഫാ. ജോണിക്കുട്ടി ദിവ്യബലിമധ്യേ ക്രിസ്മസ് സന്ദേശം നല്‍കി.

ദിവ്യബലിക്കുമുമ്പ് ഒരുമണിക്കൂര്‍ സമയം വാര്‍ഡുതലത്തില്‍ വീടുവീടാന്തരം നടന്ന കാരള്‍ സര്‍വീസില്‍ പങ്കെടുത്ത ടീമംഗങ്ങളും, സീറോമലബാര്‍ കാത്തലിക് യൂത്ത്ലീഗില്‍പെട്ട 25 ല്‍പരം യുവജനങ്ങളും, മരിയന്‍ മദേഴ്സും ശ്രുതിമധുരമായ കാരള്‍ ഗീതങ്ങള്‍ ആലപിച്ചു.

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയോടനുബന്ധിച്ച് സണ്‍ഡേ സക്കകൂള്‍ കുട്ടികള്‍ മാലാഖാമാരുടെയും, ആട്ടിടയന്മാരുടെയും, പൂജ്യരാജാക്കന്മാരുടെയും വേഷമണിഞ്ഞെത്തി പുല്‍ക്കൂട്ടില്‍ ജാതനായ ഉണ്ണിയെ ആരാധിച്ചുവണങ്ങി. മോളി ജേക്കബ്, ആനി മാത്യു, മറിയാമ്മ ഫിലിപ്, റോസിലിന്‍ ദേവസി, സാറാ യോഹന്നാന്‍ എന്നീ മതാധ്യാപകരുടെ നേതൃത്വത്തില്‍ നേറ്റിവിറ്റി ഷോ ഭംഗിയായി ക്രമീകരിച്ചു.

പോളച്ചന്‍ വറീദിന്റെ നേതൃത്വത്തില്‍ പള്ളിക്കകത്തും, പുറത്തും പുല്‍ക്കൂടുകളും, ദീപാലങ്കാരങ്ങളും ക്രമീകരിച്ചിരുന്നു. മോളമ്മ സിബിച്ചന്റെ നേതൃത്വത്തില്‍ മരിയന്‍ മദേഴ്സ് അള്‍ത്താരയും, പള്ളിയും കമനീയമായി അലങ്കരിച്ചിരുന്നു. ബേബി കളപറമ്പത്ത് ക്രിസ്മസ് കൊയറിനു നേതൃത്വം നല്‍കി. ട്രസക്കറ്റിമാരായ ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍ പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ഈ വര്‍ഷത്തെ ക്രിസ്മസും, കരോള്‍ സര്‍വീസും മനോഹരമാക്കുന്നതിനു നേതൃത്വം നല്‍കി.

മതബോധനസക്കകൂള്‍ കുട്ടികള്‍ക്കായി ഡിസംബര്‍ 21 ഞായറാഴ്ച്ച ക്ളാസുകളില്‍ നടത്തപ്പെട്ട സാന്റാസ് വര്‍ക്ഷോപ്പും ജീസസ് ബര്‍ത്ത്ഡേ ആഘോഷങ്ങളും വര്‍ണാഭമായിരുന്നു. പിടിഎ സെക്രട്ടറി റോസമ്മ ഈപ്പന്‍ ജീസസിനായി പ്രത്യേകം സജീകരിച്ച വലിയ കേക്ക് വികാരി ഫാ. ജോണിക്കുട്ടി കുട്ടികള്‍ക്കൊപ്പം മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജാന്‍സി ജോസഫ്, നീതു മുക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു വലിയ ക്രിസ്മസ് കാര്‍ഡ് തയാറാക്കിയിരുന്നു. ഫോട്ടോ: ജോസ് തോമസ്.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍