റവ. ഡീക്കന്‍ ഡോ. രഞ്ജന്‍ മാത്യു കശീശാ ശുശ്രൂഷയിലേക്ക്
Saturday, December 27, 2014 10:26 AM IST
ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ ഇടവകാംഗമായ റവ. ഡീക്കന്‍ ഡോ. രഞ്ജന്‍ റോയ് മാത്യുവിന് 2015 ജനുവരി നാലിന് (ഞായര്‍) കശീശാ ശുശ്രൂഷയിലേക്ക് കൈവയ്പ് നല്‍കപ്പെടുന്നു.

ഭദ്രാസനാധിപന്‍ യല്‍ദോ മാര്‍ തീത്തോസ് മെത്രാപോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാനയോടുകൂടി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയില്‍ ശ്രേഷ്ഠ വൈദികര്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, ശെമ്മാശന്മാര്‍, മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ക്ക് പുറമേ, വിവിധ ദേവാലയങ്ങളില്‍ നിന്നുളള വിശ്വാസികളും പങ്കെടുക്കും.

കോട്ടയം ഭദ്രാസനത്തിലെ ചെങ്ങളം സെന്റ് തോമസ് യാക്കോബായ പള്ളി ഇടവകാംഗമായ വേങ്ങശേരില്‍ റോയ് മാത്യുവിന്റേയും കൊല്ലാട് പുളളിയില്‍ ഇലവുംന്താനത്ത് കുടുംബാഗമായ പരേതയായ ഗ്രേസി മാത്യുവിന്റേയും മകനായ ഡി. രഞ്ജന്‍ മാത്യു, ചെറുപ്പം മുതല്‍ തന്നെ വി. മദ്ബഹാ ശുശ്രൂഷയിലും സണ്‍ഡേസ്കൂള്‍, ഭദ്രാസന യൂത്ത് അസോസിയേഷന്‍, വിദ്യാര്‍ഥി പ്രസ്ഥാനം, സ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്മെന്റ് (എസ്സിഎം) തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വനിരിയിലെ സജീവ സാന്നിധ്യമായിരുന്നു. പെരുമ്പാവൂര്‍ വെങ്ങോല മോര്‍ ഗബ്രിയേല്‍ ദയറാ കാമ്പസില്‍ താമസിച്ച്, ബത് സയ്ദ മെന്റല്‍ ഹെല്‍ത്ത് ആശുപത്രിയിലും ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ മിഷനുകളിലും മികവുറ്റ സേവനം നടത്തിയിട്ടുണ്ട്.

യശശരീരനായ ദൈവ ശാസ്ത്രജ്ഞന്‍ ഡോ. എം.എം. തോമസിന്റെ തിരുവല്ലയിലുളള പെണ്ണമ്മ ഭവനവുമായി ബന്ധപ്പെട്ട് പഠനങ്ങളും പൂസ്തക തര്‍ജിമകളും നടത്തുകയും വിവിധ ക്രൈസ്തവ സെക്കുലര്‍ പ്രസിദ്ധീകരണങ്ങള്‍, ഡോക്കുമെന്ററികള്‍, ബ്ളോഗുകള്‍, റേഡിയോ- ടിവി പ്രോഗ്രാമുകള്‍ തുടങ്ങിയവയിലൂടെ പ്രവര്‍ത്തന രംഗങ്ങളില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

ക്ളിനിക്കല്‍ സൈക്കോളജില്‍ ബിരുദാനന്തര ബിരുദവും മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും റസിഡന്‍സിയും കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടര്‍ ബിരുദവും ടെക്സസില്‍ പോസ്റ് ഡോക്ടര്‍ ഫെലോഷിപ്പും പൂര്‍ത്തിയാക്കിയ ശെമ്മാശന്‍, ക്ളീനിക്കല്‍ ന്യൂറോ സൈക്കോളജിസ്റായി ഡാളസില്‍ സേവനം ചെയ്തു വരുന്നു. യൂണിവേഴ്സിറ്റി ബിരുദ വിദ്യാഭ്യാസത്തിന്റെ ഭാഗമായി, കോട്ടയം സെന്റ് എഫ്രേം എക്യുമിനിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടില്‍ (സീറി) നിന്ന് സുറിയാനി ഭാഷാ സാഹിത്യത്തില്‍ പഠനം നടത്തിയ ശെമ്മാശന്‍, ബംഗളൂരു ധര്‍മാരാം പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും തിയോളജിയില്‍ പോസ്റ് ഗ്രാജുവേറ്റ് ഡിപ്ളോമയും കരസ്ഥമാക്കി.

2012 ല്‍ യല്‍ദൊ മാര്‍ തീത്തോസ് മെത്രാപോലീത്തായില്‍ നിന്നും പൌരോഹിത്യത്തിന്റെ ആദ്യപടിയായ ശെമ്മാശന്‍ ശുശ്രൂഷയിലേക്കുളള കൈവയ്പ് സ്വീകരിക്കുകയും തുടര്‍ന്ന് അതിഭദ്രാസനത്തിന്റെ വളര്‍ച്ചയ്ക്കായുളള വിവിധ പ്രവര്‍ത്തന പദ്ധതികളില്‍ സജീവ പങ്കാളിത്വം വഹിക്കുകയും ചെയ്തു വരുന്നു.

കര്‍മ്മ മണ്ഡലങ്ങളിലെ അര്‍പ്പണ ബോധത്തിനും ആത്മാര്‍ഥതയ്ക്കും എന്നെന്നും ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനശൈലി പുലര്‍ത്തി വരുന്ന ശെമ്മാശന്റെ പ്രവര്‍ത്തനം സഭയ്ക്കെന്നും മുതല്‍ കൂട്ട് തന്നെ.

പത്തനാപുരം കളീക്കല്‍ യോഹന്നാന്‍ ജോണിന്റേയും ആലീസ് ജോണിന്റേയും മകള്‍ നിഷ ഭാര്യയും നെയ്തന്‍ (തൊമ്മി), റിബേക്ക എന്നിവര്‍ മക്കളുമാണ്. റൂബിന്‍ മാത്യു ഏക സഹോദരനാണ്.

വി. കുര്‍ബാനാനന്തരം നടത്തപ്പെടുന്ന അനുമോദന യോഗത്തില്‍ വൈദികര്‍, കൌണ്‍സില്‍ അംഗങ്ങള്‍, ഭക്ത സംഘടനാ ഭാരവാഹികള്‍, മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

ഭദ്രാസന മെത്രാപോലീത്താ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ 11-ാ മത് സ്ഥാനാരോഹണ വാര്‍ഷിക ദിനമായ ജനുവരി നാലിന് നടത്തപ്പെടുന്ന വാര്‍ഷികാഘോഷ പരിപാടികളും പട്ടംകൊട ശുശ്രൂഷയും വളരെ ഭംഗിയായി നടത്തുന്നതിനാവശ്യമായ വിപുലമായ ക്രമീകരണങ്ങള്‍, കത്തീഡ്രല്‍ മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച് വരുന്നതായി. വികാരി റവ. ഫാ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ അറിയിച്ചു. സെന്റ് ഇഗ്േനേഷ്യസ് കത്തീഡ്രല്‍ പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍