ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ക്രിസ്മസ് ആഘോഷിച്ചു
Saturday, December 27, 2014 2:53 AM IST
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് അതിവിപുലമായി ആഘോഷിച്ചു. ഡിസംബര്‍ 21 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് വെസ്റ്റേണ്‍ അവന്യൂവിലുള്ള മക്കോണ്‍വില്‍ യുണൈറ്റഡ് മെഥഡിസ്റ് ചര്‍ച്ചില്‍ വെച്ചായിരുന്നു ആഘോഷങ്ങള്‍ നടന്നത്.

റവ. സുജിത് തോമസിന്റെ (വികാരി, സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ആല്‍ബനി) പ്രാര്‍ത്ഥനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. അതിശൈത്യത്തെ അവഗണിച്ച് ആഘോഷങ്ങളില്‍ പങ്കുചേരാന്‍ എത്തിച്ചേര്‍ന്ന വിവിധ സഭാ ജനങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയണമേ എന്ന് അദ്ദേഹം പ്രാര്‍ത്ഥനയില്‍ അപേക്ഷിച്ചു. ട്രഷറര്‍ ജയന്‍ ജോര്‍ജ് എല്ലാവര്‍ക്കും സ്വാഗതമോതി. സെക്രട്ടറി ദീപു വര്‍ഗീസ് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

കുട്ടികളുടേയും മുതിര്‍ന്നവരുടേയും ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ എല്ലാവര്‍ക്കും ആനന്ദം പകര്‍ന്നു. അലയ്ന ഏബ്രഹാമിന്റെ 'ഓ..ഹോളി നൈറ്റ്' എന്ന ഇംഗ്ളീഷ് ഗാനം ഏറെ ആസ്വാദജനകമായിരുന്നു. ഷേബ വറുഗീസ് സംവിധാനം ചെയ്ത 'ഷാഡോ നേറ്റിവിറ്റി സ്കിറ്റ്' പുതുമ നിറഞ്ഞതും അവതരണത്തില്‍ മികച്ചതുമായി. കൂടാതെ, കാന്‍ഡില്‍ ലൈറ്റ് ഡാന്‍സ് ഏറെ ഹൃദ്യവും അനന്ദകരവുമായിരുന്നു.

സാന്റാക്ളോസ് ആയി വേഷമിട്ട കുരിയാക്കോസ് പടിഞ്ഞാറേമുറിയില്‍ ഏവരുടേയും പ്രശംസ പിടിച്ചു പറ്റി. ക്രിസ്മസ് കരോള്‍ ഗാനസംഘാംഗങ്ങള്‍ അവതരിപ്പിച്ച ശാന്തരാത്രി...തിരുരാത്രി എന്ന ഇംഗ്ളീഷ് ഗാനത്തിന്റെ മാറ്റൊലികള്‍ പള്ളിയില്‍ അലയടിച്ചപ്പോള്‍ ജനങ്ങള്‍ തിരുപ്പിറവിയുടെ ആനന്ദത്തില്‍ ആറാടി.

മക്കോണ്‍വില്‍ യുണൈറ്റഡ് മെഥഡിസ്റ് ചര്‍ച്ച് വികാരി റവ. ഡോ. ചാര്‍ലി യാംഗ്, റവ. ജോ ജോണ്‍ എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്‍കി. ജൂനിയാ ജോര്‍ജ്, ജെറെമി ജോര്‍ജ് ഡേവിഡ് എന്നിവര്‍ എം.സി. മാരായി പ്രവര്‍ത്തിച്ചു. തോമസ് ജോസഫ്, ജോര്‍ജ് ഡേവിഡ്, കുരിയാക്കോസ് പടിഞ്ഞാറേമുറിയില്‍ എന്നിവരായിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍. വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറോടുകൂടി ആഘോഷങ്ങള്‍ക്ക് പര്യവസാനമായി.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ