ലീഡര്‍ കെ. കരുണാകരന്‍ വികസന മാതൃക സൃഷ്ടിച്ച മികച്ച ഭരണാധികാരി
Friday, December 26, 2014 6:53 AM IST
ജിദ്ദ: വികസനരംഗത്ത് പുതിയ പരീഷണങ്ങള്‍ നടത്തി പ്രാവര്‍ത്തികമാക്കിയ മാതൃകാ ഭരണാധികാരിയായിരുന്നു ലീഡര്‍ കെ. കരുണാകരനെന്ന് ഒഐസിസി വെസ്റേണ്‍ റീജിയണല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു.

കാലത്തിനു മായിക്കാനാവാത്ത നന്മയുടെ അടയാളങ്ങള്‍ ബാക്കിവച്ചു വിട്ടുപിരിഞ്ഞ ലീഡറോടുള്ള സ്മരണ പുതിയ വികസന മാതൃകകള്‍ സൃഷ്ടിച്ചാണ് നിലനിര്‍ത്തേണ്ടത്. കെ. കരുണാകരന്റെ ദീര്‍ഘ വീക്ഷണം പ്രവാസി സമൂഹത്തിനു ഗുണകരമായതെന്ന് മനസിലാക്കാന്‍ കൊച്ചിന്‍ എയര്‍പോര്‍ട്ടിന്റെ സേവനം മാത്രം വിലയിരുത്തിയാല്‍ മതിയാകും. രാഷ്ട്രീയത്തിലും ഐക്യമുന്നണി സംവിധാനം കൊണ്ടു വരുന്നതിനും കേന്ദ്രത്തില്‍ ഭരണം ബിജെപിയില്‍ നിന്നും തിരിച്ചു പിടിക്കുന്നതിനും നൈപുണ്യമുള്ള രാജ്യതന്ത്രജ്ഞനായിരുന്നു ലീഡര്‍. കോണ്‍ഗ്രസില്‍ ഇന്നു കാണുന്ന പല നേതാക്കന്മാരെയും യുവത്വത്തില്‍തന്നെ കണ്െടത്തി അദേഹം ഉയര്‍ത്തി കൊണ്ടുവന്നവരാണെന്ന് പ്രാസംഗികര്‍ അനുസ്മരിച്ചു.

പാലക്കാട് ലോക്സഭാ മണ്ഡലം യുത്ത് കോണ്ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. റിജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എം. ഷരീഫ് കുഞ്ഞ്. ദമാം കമ്മിറ്റി വൈസ് പ്രസിഡന്റ് ബൈജു കുട്ടനാട്, അബ്ദുള്‍ റഹീം ഇസ്മയില്‍, എന്‍ജിനിയര്‍ ഇക്ബാല്‍ പൊക്കുന്ന്, അലി തേക്ക്തോട്, ഷറഫുദ്ദീന്‍ കായംകുളം, രാജശേഖരന്‍ അഞ്ചല്‍, നൌഷാദ് അടൂര്‍, അനില്‍കുമാര്‍ പത്തനംതിട്ട, ഷിബു കൂരി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ജോഷി വര്‍ഗീസ് സ്വാഗതവും ട്രഷറര്‍ ശ്രീജിത്ത് കണ്ണൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍