അരിസോണ മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ സംയുക്ത ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി
Wednesday, December 24, 2014 8:22 AM IST
ഫിനിക്സ്: അരിസോണ മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 13ന് വൈകുന്നേരം ആറിന് മേസാ ഡോബ്സണ്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറി.

ട്രഷറര്‍ തമ്പി പാഴൂര്‍, അവതാരകനായ തോമസ് അപ്രേമിനെയും സോഫിയ കുന്തറയേയും സദസിന് പരിചയപ്പെടുത്തി.

റവ. ഫാ. മാത്യു മുഞ്ഞനാട്ടിന്റെ പ്രാരംഭ പ്രാര്‍ഥനയെ തുടര്‍ന്ന് എല്ലാ വൈദികരും കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് ഭദ്രദീപം തെളിച്ചതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

റവ. ഫാ. സജി മര്‍ക്കോസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഫാ. വി.ജി വര്‍ഗീസ് അസോസിയേഷന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസംഗിച്ചു. മുഖ്യ പ്രാസംഗകനായിരുന്ന ഫാ. തോമസ് ചിറയില്‍ ക്രിസ്തുവിന്റെ ജനനം വ്യക്തികളുടെ ഹൃദയത്തിലാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു.

വിവിധ ചര്‍ച്ചുകളുടെ ഗായകസംഘങ്ങള്‍ ആലപിച്ച കരോള്‍ ഗാനങ്ങള്‍ ശ്രവണസുന്ദരമായിരുന്നു. സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് അവതരിപ്പിച്ച ദൈവത്തിന്റെ വിലാപങ്ങള്‍ എന്ന നൃത്ത നാടകം അരങ്ങേറി. സെന്റ് പീറ്റേഴ്സ് യാക്കോബൈറ്റ് ചര്‍ച്ചിലെയും ഫിനിക്സ് മാര്‍ത്തോമ ചര്‍ച്ചിലെയും കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ ആഘോഷത്തിന്റെ മാറ്റു വര്‍ധിപ്പിച്ചു. ഹോളി ഫാമിലി കാത്തലിക് ചര്‍ച്ച് അവതരിപ്പിച്ച സ്നേഹത്തിന്റെ ചക്രവാളങ്ങള്‍ എന്ന സ്കിറ്റും നൃത്തങ്ങളും കാഴ്ചക്കാരില്‍ തരംഗമാലകള്‍ സൃഷ്ടിച്ചു.

സെക്രട്ടറി സിബി ജെയിംസ് നന്ദി പറഞ്ഞു. ഫാ. സ്ളോമോ ജോര്‍ജ് പ്രാര്‍ഥനയ്ക്കുശേഷം മിഠായി പൊതികളുമായി ക്രിസ്മസ് ഫാദര്‍ എത്തിയത് കുട്ടികളെ ആഘോഷതിമിര്‍പ്പിലാക്കി.

റിപ്പോര്‍ട്ട്: റോയി മണ്ണൂര്‍