ഗാര്‍ഹിക വീസ ബാങ്ക് ഗാരന്റി : ശക്തമായ നടപടികളുമായി കുവൈറ്റ്
Tuesday, December 23, 2014 6:45 AM IST
കുവൈറ്റ്: ഗാര്‍ഹിക വീസയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ശന നിലപാടുമായി മുന്നോട്ട് പോകുവാന്‍ കുവൈറ്റ് തീരുമാനിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ നിന്നും വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്പോണ്‍സര്‍ 720 ദീനാര്‍ ബാങ്ക് ഗാരന്റി കെട്ടിവയ്ക്കണമെന്ന നിബന്ധനയില്‍ ഇളവു വരുത്തുവാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഉചിതമായ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പുതിയ നടപടികളുമായി കുവൈറ്റ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് സൂചന.

ഇന്ത്യയിലെ കുവൈറ്റ് എംബസിയില്‍ നിന്നും വീസ സ്റാമ്പ് ചെയ്യിക്കുമ്പോള്‍ 2,500 ഡോളറോ അല്ലെങ്കില്‍ തത്തുല്യമായ 750 ദീനാറോ ബാങ്ക് ഗാരന്റിയായി നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവരാനാണ് നീക്കം നടക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈറ്റ് ആഭ്യന്തര, വിദേശ, തൊഴില്‍ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിവരുകയാണെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍നിന്നുള്ള വീട്ടുവേലക്കാരികളെ കൊണ്ടുവരുന്നതിന് സ്പോണ്‍സര്‍ 720 ദീനാര്‍ ബാങ്ക് ഗാരന്റിയായി നല്‍കണമെന്ന നിബന്ധന ഈവര്‍ഷം സെപ്റ്റംബര്‍ മുതല്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസി നടപ്പാക്കിത്തുടങ്ങിയതാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധത്തെ വരെ ബാധിക്കും വിധത്തിലുള്ള വിവാദമായി വളര്‍ന്നത്. ഇത്തരമൊരു നിബന്ധന കുവൈറ്റിന്റെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലാണെന്നും സ്വദേശികള്‍ക്ക് അമിതഭാരം ചുമത്തുന്നതാണെന്നും വാദമുയര്‍ത്തി കുവൈറ്റ് പാര്‍ലമെന്റിലും മാധ്യമങ്ങളിലുമൊക്കെ വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് വീസ നിരോധം ഏര്‍പ്പെടുത്തുന്നതടക്കമുള്ള കടുത്ത നടപടികള്‍ക്ക് ഒരുങ്ങുകയാണ് കുവൈറ്റ് എന്നുവരെയുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനിടെ, ഇന്ത്യന്‍ എംബസി അധികൃതരും കുവൈറ്റ് വിദേശകാര്യ മന്ത്രാലയവുമായി പലതവണ ചര്‍ച്ച നടന്നെങ്കിലും മഞ്ഞുരുകിയില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ജിസിസി രാജ്യങ്ങളടക്കം 17 വിദേശരാജ്യങ്ങളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ 2007 ല്‍ കൊണ്ടുവന്ന നിബന്ധനയാണിതെന്നും അത് നടപ്പാക്കുക മാത്രമാണ് എംബസി ചെയ്തതെന്നും തീരുമാനത്തില്‍നിന്ന് പിറകോട്ടുപോകാനാവില്ലെന്നും അംബാസഡര്‍ സുനില്‍ ജെയിന്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍നിന്ന് തൊഴില്‍ തേടി വരുന്നവരും കുവൈറ്റ് എംബസിയില്‍ ബാങ്ക് ഗാരന്റി കെട്ടിവയ്ക്കണമെന്ന നിബന്ധന കൊണ്ടുവരാന്‍ കുവൈറ്റ് സര്‍ക്കാര്‍ നീക്കം തുടങ്ങിയത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍