കാലിക്കറ്റ് വിദൂര പഠനകേന്ദ്രം: വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കണം
Tuesday, December 23, 2014 4:54 AM IST
കുവൈറ്റ്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദേശത്തു പ്രവര്‍ത്തിക്കുന്ന വിദൂര പഠന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാനുള്ള കേരള ഹൈകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ റജിസ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് രിസാല സ്റഡി സര്‍ക്കിള്‍ കേരള സര്‍ക്കാരിനോടും യൂണിവേഴ്സിറ്റി അധികൃതരോടും ആവശ്യപ്പെട്ടു. 

വിവിധ ഗള്‍ഫ് നാടുകളിലെ കൌണ്‍സിലിംഗ് സെന്ററുകള്‍ മുഖേന നിരവധി പ്രവാസി യുവാക്കള്‍ യൂണിവേഴ്സിറ്റിയുടെ ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ ചേര്‍ന്നു പഠനം നടത്തി വരുന്നുണ്ട്. ഈ വര്‍ഷവും ധാരാളം പേര്‍ ഉയര്‍ന്ന ഫീസും അടച്ച് റജിസ്റര്‍ ചെയ്തു. അടിസ്ഥാന യോഗ്യതയില്ലാത്തവര്‍ക്കായി യൂണിവേഴ്സിറ്റി നടത്തുന്ന പ്രവേശന പരീക്ഷയിലൂടെ ഓപ്പണ്‍ ഡിഗ്രി പ്രവേശനം നേടിയവരും നിരവധിയുണ്ട്. 

യൂണിവേഴ്സിറ്റി ചട്ടങ്ങളും നിമയങ്ങളും ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ കോടതി വിധി, തൊഴില്‍ സാധ്യതകള്‍ പരിഗണിച്ച് കോഴ്സുകള്‍ക്കു ചേര്‍ന്ന വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കുന്നതാണ്. കോടതി വിധി മറികടക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് അടിയന്തരമായി ഇടപെടണണെന്നും സര്‍ക്കാറിനും യൂണിവേഴ്സിറ്റി അധികൃതര്‍ക്കും അയച്ച സന്ദേശത്തില്‍ രിസാല സ്റഡി സര്‍ക്കിള്‍ ഗള്‍ഫ് കൌണ്‍സില്‍ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍