'മലയാള ഭാഷയുടെ വികാസ സാധ്യതകളും പരിണാമവും'- വിചാരവേദി ചര്‍ച്ച നടത്തി
Tuesday, December 23, 2014 4:53 AM IST
ന്യൂയോര്‍ക്ക്: കേരള കള്‍ച്ചറല്‍ സെന്റെറില്‍ വെച്ച് നടന്ന വിചാരവേദിയുടെ ഈ മാസത്തെ (ഡിസംബര്‍ 14) സാഹിത്യ സദസില്‍ ഡോ. എകെബി പിള്ള മലയാളഭാഷയുടെ വികാസ സാധ്യതകളും സമഗ്രഭാഷാശാസ്ത്ര പരിണാമവും എന്ന വിഷയത്തെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. വാസുദേവ് പുളിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാംസി കൊടുമണ്‍ സ്വാഗതപ്രസംഗം നടത്തി. മന്ത്രിയായി, ജസ്റീസായി, രാഷ്ടീയാന്തരീക്ഷത്തിലും നിയമ വ്യവസ്ഥയിലും മാറ്റങ്ങള്‍ വരുത്തിയ വി. ആര്‍. കൃഷ്ണയ്യരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. മലയാള ഭാഷയുടെ തമിഴും സംസ്കൃതവുമായുള്ള ബന്ധവും ഭാഷയുടെ ഉല്പത്തി ചരിത്രവും മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഭാഷയുടെ വികാസത്തിന് പ്രചോദനമായതും ഹെര്‍മ്മന്‍ ഗുണ്ഡര്‍ട്ട് ഒരു ഡിക്ഷനറി സമ്മാനിച്ച് ഭാഷക്ക് നേട്ടങ്ങളുണ്ടാക്കിയതും മറ്റുഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് കടന്നു വന്ന പദങ്ങള്‍ ഭാഷയെ പരിപോഷിപ്പിച്ചതും സാംസി കൊടുമണ്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. ബ്രിട്ടീഷുകാര്‍ അവരുടെ ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടി പ്രചരിപ്പിച്ച ഇംഗ്ളീഷ് മലയാളഭാഷയുടെ വികാസത്തിന് സഹായകമായിട്ടുണ്െടങ്കിലും, ഇംഗ്ളീഷ് നമ്മുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നത് മലയാളഭാഷയുടെ വികാസത്തെ ബാധിക്കുന്നതും, സാഹിത്യത്തിലൂടെ ഭാഷ വികാസിച്ചിട്ടുള്ളതും വാസുദേവ് പുളിക്കല്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

വാക്കുകള്‍ക്ക് അര്‍ത്ഥവ്യത്യാസം വരുന്ന പരിണാമം നിരവധി ഉദാഹരണങ്ങള്‍ നിരത്തി വെച്ചുകൊണ്ട് ഡോ. എന്‍. പി. ഷീല എഴുതിയ പ്രബന്ധം രാജൂ തോമസ് വായിച്ചു.ഭാഷയുടെ വികാസത്തിന് നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനും അമേരിക്കയിലെ മലയാളം സ്കൂളുകളിലെ പാഠ്യപദ്ധതിക്കും മാറ്റം വരുത്തണമെന്നും വിദേശത്തേക്ക് കയറ്റി അയക്കാനുള്ള വില്പന ചരക്കുകളെ സൃഷ്ടിക്കുക എന്നത് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാക്കുമ്പോള്‍ ഇംഗ്ളീഷ് പഠനം അനിവാര്യമായിത്തീരുന്നു എന്നും ജെ. മാത്യൂസ് അഭിപ്രായപ്പെട്ടു.ഭാഷയും സാഹിത്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സാഹിത്യത്തിലൂടെ ഭാഷ വളരും. സാഹിത്യ കൃതികളുടെ അഭാവം ഭാഷയുടെ വളര്‍ച്ചയെ ബാധിക്കുന്നതാണ്. സാഹിത്യം ഭാവനയില്‍ നിന്നാണെങ്കില്‍ അതിന്റെ പണിയായുധം ഭാഷയാണെന്നതാണ് ഭാഷയുടെ സാഹിത്യത്തിലെ പ്രാധാന്യമെന്നും പഠനവും ഉപയോഗവുമാണ് ഭാഷയെ വികസിപ്പിക്കുന്നതെന്നും ജെ. വേറ്റം പറഞ്ഞു. ഭാഷയുടെ വളര്‍ച്ചയുടെ അടിസ്ഥാനം ശാസ്ത്രമാണ്, ഭാഷ വരും തലമുറയിലേക്ക് പകര്ന്നു കൊടുക്കേണ്ടത് അനിവാര്യമാണ്, ചിലപ്പോള്‍ ഇംഗ്ളീഷ് ഉപയോഗിക്കേണ്ടിവരുമെന്ന് ബാബു പാറക്കല്‍ അഭിപ്രായപ്പെട്ടു. നമ്മുടെ ഭാഷ പദസമൃദ്ധമാണെന്നും, അനിയന്‍, ജ്യേഷ്ഠന്‍, അമ്മാവന്‍ തുടങ്ങിയ ബന്ധങ്ങള്‍ സൂചിപ്പിക്കാന്‍ തക്ക വാക്കുകള്‍ നമ്മുടെ ഭാഷയിലുള്ളതുപോലെ മറ്റുഭാഷകളില്‍ ഇല്ലെന്നും സാനി അംബൂക്കന്‍ പറഞ്ഞു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന ചോദ്യങ്ങള്‍ക്ക് ഡോ. ഏ. കെ. ബി. പിള്ള മറുപടി പ്രസംഗത്തില്‍ മറുപടി നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം