എന്‍ഡോസള്‍ഫാന് ഇരയായ കുടുംബത്തിന് വീട്; ദമാം മീഡിയ ഫോറം അവസാന വിഹിതം കൈമാറി
Monday, December 22, 2014 9:21 AM IST
ദമാം: കിഴക്കന്‍ പ്രവിശ്യയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ദമാം മീഡിയ ഫോറം കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്തെ ഒരു കുടുംബത്തിന് നല്‍കുന്ന വീട് നിര്‍മാണത്തിനുള്ള തുകയുടെ അവസാന വിഹിതം പദ്ധതിയുടെ കോഓര്‍ഡിനേറ്റര്‍ ടി.പി.എം. ഫസലിന് കൈമാറി.

അല്‍കോബാറില്‍ നടന്ന ചടങ്ങില്‍ ദമാം മീഡിയ ഫോറം ചെയര്‍മാന്‍ പി.എ.എം. ഹാരിസ് (മലയാളം ന്യൂസ്), ഫോറം അംഗങ്ങളായ സാജിദ് ആറാട്ടുപുഴ (മീഡിയവണ്‍), ഇനാമുറഹ്മാന്‍ (ഗള്‍ഫ് മാധ്യമം), അഷ്റഫ് ആളത്ത് (മിഡില്‍ ഈസ്റ് ചന്ദ്രിക), അനില്‍ കുറിച്ചിമുട്ടം (ഏഷ്യാനെറ്റ്), അബ്ദുള്‍അലി (ഗള്‍ഫ് തേജസ്), സുബൈര്‍ ഉദിനൂര്‍ (ഇന്ത്യാവിഷന്‍), എം.എം.നയിം (കൈരളി), മുജീബ് കളത്തില്‍ (ജയ്ഹിന്ദ്) എന്നിവര്‍ സംബന്ധിച്ചു.

എന്‍ഡോ സള്‍ഫാന്‍ ഇരകളുടെ ദുരിതം ഒരു ഡോക്കുമെന്ററിലൂടെ പുറംലോകത്തിന് പരിചയപ്പെടുത്തിയ പ്രഫ. എം.എ. റഹ്മാന്റെ നേതൃത്വത്തില്‍ നിസ്വാര്‍ഥരായ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ എന്‍വിസാഗ് (എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പ്) ട്രസ്റിന്റെ സഹകരണത്തോടെയാണ് വീട് നിര്‍മിക്കുന്നത്. ഈ മാസാവസാനത്തോടെ തുക നാട്ടില്‍ ട്രസ്റ് ഭാരവാഹികള്‍ക്ക് കൈമാറും.

പ്രസ് മീറ്റിന് വിവിധ സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ഫീസ്തുകയാണ് ഈ വര്‍ഷം ദമാം മീഡിയ ഫോറം ഒരു കുടുംബത്തിന് വീട് പണിത് നല്‍കുന്ന പദ്ധതിക്കായി മാറ്റിവെച്ചത്. പ്രവിശ്യയിലെ ബിസിനസ് രംഗത്തുള്ള പ്രമുഖ മലയാളികളും, അല്‍കോബാറിലെ പ്രമുഖ ഫുട്ബോള്‍ ക്ളബും സഹായം നല്‍കി പദ്ധതിയില്‍ പങ്കാളികളായി. സഹകരിച്ച മുഴുവന്‍ വ്യക്തികളോടും സംഘടനകളോടും ദമാം മീഡിയ ഫോറം നന്ദി രേഖപ്പെടുത്തി.

നെഞ്ചംപറമ്പിന് സമീപം ബെല്ലരടുക്കയില്‍ 35 സെന്റ് സ്ഥലത്ത് ആറ് വീടുകളും ഒരു കമ്യൂണിറ്റി സെന്ററും അടങ്ങിയ പദ്ധതിയാണ് എന്‍വിസാഗ് ട്രസ്റ് പൂര്‍ത്തികരിക്കുന്നത്. 320 ഇരകളുള്ള കാരടുക്ക പഞ്ചായത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. വീട് പണിയുന്നതിനുള്ള സ്ഥലവും അഞ്ച് വീടുകളും കമ്യൂണിറ്റി സെന്ററും സംഭാവനയായി വിവിധ കൂട്ടായ്മകളും വ്യക്തികളും ഇതിനകം നല്‍കി. ഏതാണ്ട് നാല് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ഒരു വീടാണ് മീഡിയ ഫോറം പണിത് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ പാവപ്പെട്ട രോഗികള്‍ക്ക് സൌജന്യമായി ഭക്ഷണവും മരുന്നും നല്‍കുന്ന അക്ഷയപാത്രം പദ്ധതിക്ക് ഒരു ലക്ഷം രൂപ ദമാം മീഡിയ ഫോറം സഹായം കൈമാറിയിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം