ജിദ്ദാ കലാ സാഹിത്യവേദി ചിത്ര രചനാ, പെയിന്റിംഗ് മത്സം നടത്തി
Monday, December 22, 2014 9:20 AM IST
ജിദ്ദ: ജിദ്ദാ കലാ സാഹിത്യവേദിയുടെ പ്രഥമ ചിത്ര രചനാ, പെയിന്റിംഗ് മത്സരം പ്രശസ്ത പത്രപ്രവര്‍ത്തകനും കാര്‍ട്ടൂണിസ്റുമായ ഉസ്മാന്‍ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ മീഡിയ വിദ്യാര്‍ഥികളെ എത്രമാത്രം സ്വാധീനിക്കുന്നു എന്നത് 'നാളത്തെ പരീക്ഷക്ക് മോന്‍ വായിക്കുന്നതു ഫേസ് ബുക്കോ ?' എന്ന് ലളിതമായ ഒരു വരയിലൂടെ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഉദ്ബോധിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. ഉസ്മാന്‍ ഇരുമ്പുഴി പ്രവാസ ലോകത്തോട് വിടപറയുന്ന ദിവസം തന്നെ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ ജിദ്ദാ കലാ സാഹിത്യ വേദിയുടെ ഉപഹാരം അഹദാബ് സ്കൂള്‍ ചെയര്‍മാന്‍ സുലൈമാന്‍ കിഴിശേരി അദ്ദേഹത്തിനു സമ്മാനിച്ചു.

വിവിധ സ്കൂളുകളില്‍ പഠിക്കുന്ന 400 ലധികം നഴ്സറി, പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ പങ്കെടുത്ത ചിത്ര രചനാ, പെയിന്റിംഗ് മത്സരങ്ങള്‍ ആര്‍ട്ട് ഡയറക്ടര്‍മാരായ രവി, സേതുമാധവന്‍ എന്നിവര്‍ വിലയിരുത്തി. പ്രശസ്തരായ മൂന്ന് ജൂറിമാരുടെ സാന്നിധ്യത്തില്‍ രചനകള്‍ വിലയിരുത്തിയശേഷം വിജയികളെ പ്രഖ്യാപിക്കുന്നതും ഒരു പൊതു പരിപാടിയില്‍ അര്‍ഹാരായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യപ്പെടുന്നതായിരിക്കും എന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. 'അറിയപ്പെടുന്ന വ്യക്തികളെ തിരിച്ചറിയല്‍' സ്ലൈഡ് ഷോ മത്സരാര്‍ഥികളോടൊപ്പം വന്നിരുന്ന രക്ഷിതാക്കള്‍ക്ക് തികച്ചും പുതുമയേകി.

മത്സര പരിപാടികള്‍ക്ക് കമ്മിറ്റി ഭാരവാഹികളായ താജുദ്ദീന്‍ കമ്പോല, സമീര്‍ ഇല്ലിക്കല്‍, ജംഷി ഡെക്കാന്‍, ഹനീഫ ഇയ്യം മടക്കല്‍, ഇ.എം ജാഫര്‍ഖാന്‍, എം.കെ ജഷീര്‍, ടി.പി. ഹാരിസ്, മുഹാജിര്‍, സൈദലവി, ഇലിയാസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍